അഴിമതിയില്‍ കുളിച്ച സര്‍ക്കാരിനെ രക്ഷിക്കാന്‍ സിപിഎം മതവര്‍ഗ്ഗീയ രാഷ്ട്രീയം പറയുന്നു; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മതസ്പര്‍ധ വളര്‍ത്തുന്നതിനെതിരെയുള്ള വകുപ്പുപയോഗിച്ച് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുസ്ലീം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് അഴിമതിയിലും തട്ടിപ്പിലും മുങ്ങിക്കുളിച്ച സര്‍ക്കാരിനെ രക്ഷിക്കാനാണ് സി.പി.എം മതവര്‍ഗ്ഗീയ രാഷ്ട്രീയം പയറ്റുന്നതെന്നും ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ സുരേന്ദ്രന്‍ ആരോപിച്ചു.

ജലീലിന്റെ സിമി പാരമ്പര്യം കടമെടുത്താണ് സി.പി.എം സെക്രട്ടറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ദേശദ്രോഹികള്‍ക്ക് താവളമൊരുക്കിയ പിണറായി സര്‍ക്കാര്‍ രാജിവെയ്ക്കുന്നത് വരെ ബി.ജെ.പി പ്രക്ഷോഭത്തില്‍ നിന്ന് പിന്തിരിയില്ല. ഖുറാന്‍ വിതരണം ചെയ്യുന്നതിനെ ബി.ജെ.പി എതിര്‍ത്തിട്ടില്ലെന്നും നിയമങ്ങളെ കബളിപ്പിച്ച് സ്വര്‍ണ്ണവും പണവും കടത്തുന്നതിനെയാണ് എതിര്‍ത്തതെന്നും സുരേന്ദ്രന്‍ പറയുന്നു.

ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിന് എല്ലാ സഹായവും ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അന്വേഷണത്തെ രഹസ്യമായി അട്ടിമറിക്കാനാണ് ശ്രമിച്ചത്. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇല്ലാത്ത, ഇടിമിന്നലില്‍ നശിച്ചുപോയെന്നു പറഞ്ഞതും പ്രോട്ടോകോള്‍ വിഭാഗത്തിലെ ഫയലുകള്‍ക്ക് തീപിടിച്ചതും ഇതിന്റെ ഭാഗമായാണ്. സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സി.പി.എം അനുകൂലിയായ നഴ്‌സിന്റെ ഫോണില്‍ അവര്‍ പല ഉന്നതന്‍മാരെയും ബന്ധപ്പെട്ടതും കേസ് അട്ടിമറിക്കാനുള്ള നീക്കമായിരുന്നെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

തന്റെ സാമ്പത്തിക ഇടപാടുകളെല്ലാം നടത്തുന്നത് കെ.ടി ജലീലായതുകൊണ്ടാണ് മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ജലീല്‍ കുടുങ്ങിയാല്‍ മുഖ്യമന്ത്രിയും കുടുങ്ങും. ജലീല്‍ വിഷയത്തില്‍ സി.പി.എം പൊളിറ്റ്ബ്യൂറോയുടെ മൗനം സംശയം ജനിപ്പിക്കുന്നതാണെന്നും വിദേശത്തു നിന്ന് വന്ന ഫണ്ട് അവര്‍ക്കും കിട്ടിയിട്ടുണ്ടോയെന്ന് അന്വേഷണം കഴിഞ്ഞാലേ മനസിലാകൂ എന്നും സുരേന്ദ്രന്‍ ലേഖനത്തില്‍ പറയുന്നു.

Top