കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തെക്ക് കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിയെത്തുമോ എന്നതാണ് നിര്‍ണ്ണായകം. മകന്‍ ബിനീഷിന് കള്ളപ്പണ കേസില്‍ ജാമ്യം ലഭിക്കുകയും കോടിയേരിയുടെ ആരോഗ്യസ്ഥിതിയിലുണ്ടായ പുരോഗതിയുമാണ് മടങ്ങി വരവിന് കളമൊരുക്കുന്നത്. നാളെ പൊളിറ്റ് ബ്യുറോ യോഗം തുടങ്ങാനിരിക്കെ പിബി യോഗത്തിന് ശേഷം തീരുമാനം വരാനാണ് സാധ്യതയേറെ.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് കോടിയേരിക്ക് സി.പി.എം അവധി അനുവദിച്ചത്. കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കുകയും ചെയ്തു. കോടിയേരി സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍ എ.വിജയരാഘന്‍ എല്‍.ഡി.എഫ് കണ്‍വീനറായി തുടരും. ആരോഗ്യപരമായ കാരണം പറഞ്ഞായിരുന്നു അവധി അപേക്ഷയെങ്കിലും മകന്‍ ബിനീഷ് കോടിയേരി ജയിലിലായതിനെ തുടര്‍ന്നാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നിന്നത്. ബിനീഷിന് കഴിഞ്ഞ മാസം കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

Top