സംസ്ഥാന സര്‍ക്കാരിന് വിട്ടുവീഴ്ചയുണ്ടായിട്ടില്ല; തുടര്‍ഭരണം ഉറപ്പെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ നടപടി മാതൃകാപരമെന്നും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ച നടപടികള്‍ക്ക് സിപിഎമ്മിന്റെ പൂര്‍ണ പിന്തുണയുണ്ട്. സര്‍ക്കാരിനു പിന്നില്‍ പാര്‍ട്ടിയും ഇടതുമുന്നണിയും ഒറ്റക്കെട്ടായി ഉറച്ചുനില്‍ക്കും. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഒരു ശ്രമവും അംഗീകരിക്കില്ല. വിവാദങ്ങള്‍ കെട്ടടങ്ങും. തുടര്‍ഭരണത്തിന് അനുകൂലമായ സാഹചര്യമാണ് നിലവിലെന്നും കോടിയേരി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിനെ സോളാര്‍ കേസുമായി താരതമ്യപ്പെടുത്തുന്നതിന് പ്രസക്തിയില്ല. സോളാര്‍ കേസില്‍ ആരോപണം ഉയര്‍ന്നത് അന്നത്തെ മുഖ്യമന്ത്രിക്കെതിരെയായിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ ശ്രീധരന്‍ നായരുടെ മൊഴിയുണ്ടായെന്നും കോടിയേരി പറഞ്ഞു. കേരളത്തിലെത്തിയ സ്വര്‍ണത്തിന്റെ നിറം കാവിയും പച്ചയുമാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. കോണ്‍ഗ്രസും ലീഗും ബിജെപിയെ സഹായിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.

കണ്‍സല്‍ട്ടന്‍സി നിയമനങ്ങളില്‍ സര്‍ക്കാര്‍ പരിശോധന നടത്തും. ഭാവിയില്‍ ഇത്തരം നിയമനങ്ങളില്‍ കരുതല്‍ വേണമന്നും അക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. പ്രതിപക്ഷ അവിശ്വാസപ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്നും സര്‍ക്കാരിന്റെ ജനപിന്തുണ തെളിയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top