kodiyeri support cpi

തിരുവനന്തപുരം: കേരളത്തില്‍ സിപിഐയുമായി സിപിഎമ്മിന് നല്ല ബന്ധമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സിപിഎം സിപിഐയുമായി അകലുമെന്നു ചിലര്‍ വിചാരിക്കുന്നു. എന്നാല്‍ കേവലം പ്രാദേശിക പ്രശ്‌നത്തില്‍ ഉലയുന്നതല്ല ആ ബന്ധം. സിപിഐയുമായുള്ള ബന്ധം തകര്‍ക്കുന്ന നിലപാട് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു.

ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരേ സിപിഐ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഐക്കെതിരേ തുറന്ന വിമര്‍ശനമുയര്‍ത്തി ഇ.പി.ജയരാജനും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കോടിയേരി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇപ്പോള്‍ മന്ത്രിയും നേതാക്കളും നല്‍കുന്ന വിരുന്നുകളില്‍ പങ്കെടുത്ത് വിജയം ആഘോഷിക്കുന്ന ലോ അക്കാദമിയിലെ പെണ്‍കുട്ടികള്‍ മൂന്നാറിലെ പൊമ്പിളൈ ഒരുമൈക്കാരുടെ നിലവിലെ അവസ്ഥ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോ അക്കാദമി സമരം സംബന്ധിച്ച് സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് തയ്യാറായിട്ടും സമരം തുടര്‍ന്ന വിദ്യാര്‍ഥികളെ മറ്റ് ചില കേന്ദ്രങ്ങളാണ് നിയന്ത്രിച്ചത്. ഇടതുപക്ഷത്ത് വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചവര്‍ പരാജയപ്പെട്ടു. സമരരംഗത്തുണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്ക് വിരുന്നൊരുക്കിയ മന്ത്രി വിഎസ് സുനില്‍കുമാറിനെയും കോടിയേരി പരിഹസിച്ചു. പെണ്‍കുട്ടികള്‍ക്ക് നാളെ പൊമ്പിളൈ ഒരുമൈയുടെ അവസ്ഥയായിരിക്കുമെന്നും കോടിയേരി പറഞ്ഞു.

Top