മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്ന താല്പര്യത്തിന് നന്ദി, യുക്തമായ സമയത്ത് പാര്‍ട്ടി തീരുമാനിക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: സമ്മേളന കാലയളവില്‍ പാര്‍ട്ടി സെക്രട്ടറിയാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, നിങ്ങള്‍ പ്രകടിപ്പിക്കുന്ന താല്‍പര്യത്തിന് നന്ദിയെന്ന് കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി യുക്തമായ സമയത്ത് തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പദവി താല്‍ക്കാലികമായി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ ആ സ്ഥാനത്തേക്കു മടങ്ങിയെത്തുന്നു. കോടിയേരി നാളെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ തീരുമാനമെടുക്കും.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകന്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കോടിയേരിയുടെ മടങ്ങിവരവ്. ഒരു വര്‍ഷം മുന്‍പായിരുന്നു കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ അവധിയെടുത്തത്.

Top