കേന്ദ്രത്തിലെ അധികാരവും പണവും ഉപയോഗിച്ചാണ് ബിജെപി വിജയിച്ചത്: കോടിയേരി

kodiyeri balakrishnan

കണ്ണൂര്‍: കേന്ദ്രത്തിലെ അധികാരവും പണവും വോട്ടിംഗ് യന്ത്രത്തില്‍ നടത്തിയ തിരിമറിയുടെയും ഫലമായാണ് ബി.ജെ.പി വിജയം നേടിയെടുത്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ഈ വിജയം താല്‍കാലികം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ അധികാരം പിടിച്ചെടുക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസിലെ പൂതി മാത്രമാണ്.1988ല്‍ ത്രിപുരയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി.പി.എം പരാജയപ്പെട്ടിട്ടുണ്ട്. അന്ന് കേന്ദ്രത്തിലെ അധികാരവും ആദിവാസി, ഗോത്ര, തീവ്രവാദ സംഘടനകളുടെ സഹായവും ഉപയോഗിച്ച് കോണ്‍ഗ്രസ് ജയിച്ചു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം സി.പി.എം അധികാരത്തില്‍ തിരിച്ചെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2011ലെ തിരഞ്ഞെടുപ്പില്‍ ബംഗാളിലും കേരളത്തിലും സി.പി.എം പരാജയപ്പെട്ടു. അന്ന് ത്രിപുരയില്‍ മാത്രമായില്ലേ എന്ന് പലരും ചോദിച്ചു. ഇപ്പോള്‍ കേരളത്തില്‍ മാത്രമായില്ലേ എന്ന് ചോദിക്കുന്നു. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുമ്പോള്‍ ജയവും പരാജയവും സ്വാഭാവികമാണെന്നും കോടിയേരി പറഞ്ഞു.

പാര്‍ലമെന്റില്‍ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി പിന്നീട് ഇന്ത്യയില്‍ അധികാരത്തില്‍ വന്നില്ലേ? ഇന്ദിരാഗാന്ധി ഇലക്ഷനില്‍ തോറ്റിട്ടില്ലേ? പിന്നീട് അധികാരത്തില്‍ തിരിച്ച് വന്നില്ലേ? ഇ.എം.എസ് തോറ്റിട്ടുണ്ട്. പിന്നീട് തിരിച്ചെത്തിയിട്ടുമുണ്ട്. പശ്ചിമബംഗാളില്‍ 1981ല്‍ ജ്യോതിബസു തോറ്റില്ലേ? പിന്നീട് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ഭരണത്തില്‍ തിരിച്ചെത്തിയത്. ത്രിപുരയിലെ പരാജയത്തിന്റെ പേരില്‍ ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനത്തെ ഇല്ലാതാക്കാമെന്നോ എഴുതി തള്ളാമെന്നോ ആരു കരുതേണ്ടെന്നും കോടിയേരി വ്യക്തമാക്കി.

Top