എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 60 വയസ്സുകഴിഞ്ഞ പെന്‍ഷനില്ലാത്ത എല്ലാവര്‍ക്കും എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി എല്‍ഡിഎഫ് കൊണ്ടുവരും. വീടുകള്‍ സുരക്ഷിതമാക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സമാനതകളില്ലാത്ത വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. അസാധ്യമായത് സാധ്യമാക്കി. ദേശീയപാത വികസനത്തിനുള്ള തടസം മാറ്റി. തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെയുള്ള ജലപാത യാഥാര്‍ഥ്യമാക്കി.

മറ്റുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെ തകര്‍ത്തതു പോലെ ഇവിടെയും ചെയ്യാനാണ് കേന്ദ്ര ഏജന്‍സികള്‍ റാകി പറക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ പോലെയല്ല കേരളം എന്ന് അവര്‍ ഓര്‍ക്കണം. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സീറ്റ് മൂന്നക്കത്തിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും കോടിയേരി പറഞ്ഞു.

 

Top