ചെന്നിത്തലയുടെ സെക്യൂരിറ്റിയും ആർ.എസ്.എസ് എന്ന് കോടിയേരി

തിരുവനന്തപുരം: പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സി.പി.എം രംഗത്ത്.

രമേശ് ചെന്നിത്തലയുടെ സെക്യൂരിറ്റി ഓഫീസര്‍ ആര്‍.എസ്.എസിന്റെ മുന്‍ നേതാവാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുറന്നടിച്ചു.

തിരഞ്ഞു പിടിച്ച് ഈ വ്യക്തിയെ തന്നെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറാക്കിയത് എന്ത് കൊണ്ടാണെന്ന് ചെന്നിത്തല വ്യക്തമാക്കണം. കോണ്‍ഗ്രസ്സ് അനുഭാവികളെ ഒഴിവാക്കിയാണ് ചെന്നിത്തല മുന്‍ ആര്‍.എസ്.എസ് നേതാവിനെ തിരഞ്ഞെടുത്തതെന്നും കോടിയേരി തുറന്നടിച്ചു.

കോണ്‍ഗ്രസ്സില്‍ നിന്ന് കൊണ്ട് ആര്‍.എസ്.എസ് അനുകൂല നിലപാട് സ്വീകരിക്കുന്നതിനെയാണ് സി.പി.എം എതിര്‍ക്കുന്നത്.

എസ്.രാമചന്ദ്രന്‍ പിള്ള സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ശാഖയില്‍ പോയത്. 18 വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ ശേഷം രാമചന്ദ്രന്‍ പിള്ള ആര്‍.എസ്.എസ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. മന്ത്രിയായിരിക്കെ ആര്‍.എസ്.എസുകാരെ ചെന്നിത്തല കേസില്‍ നിന്നും രക്ഷപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.

300 ഓളം പ്രവര്‍ത്തകരെ കൊന്ന ആര്‍.എസ്.എസുമായി ഒരിക്കലും സി.പി.എം കൂട്ടുകെട്ടുണ്ടാക്കില്ല. മുല്ലപ്പള്ളിയല്ലാതെ മറ്റാരും അത് വിശ്വസിക്കില്ലന്നും അദ്ദേഹം തുറന്നടിച്ചു.

ബി.ജെ.പിയോട് കേരളത്തില്‍ ഒരു നയം മറ്റു സംസ്ഥാനങ്ങളില്‍ വേറെ നയം എന്ന കോണ്‍ഗ്രസ്സ് നിലപാടിനെയും കോടിയേരി പരിഹസിച്ചു. അയോധ്യ നിലപാടില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണം. മുസ്ലിം ലീഗ് മുസ്ലീങ്ങളെ വഞ്ചിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

കേന്ദ്ര നയങ്ങള്‍ക്കെതിരെ ഓഗസ്റ്റ് 23 ന് സി.പി.എം സത്യാഗ്രഹം നടത്തും. 5 ലക്ഷം കേന്ദ്രങ്ങളിലായിരിക്കും സമരം. വീടുകള്‍ പാര്‍ട്ടി ഓഫീസുകള്‍ എന്നിവിടങ്ങളും സമര കേന്ദ്രമാക്കുമെന്നും കോടിയേരി പറഞ്ഞു. പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ കോടിയേരി വ്യക്തമാക്കിയത്.

Top