എന്‍എസ്എസ് വര്‍ഗീയ സംഘടനയുടെ ഭാഗമാകരുതെന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeri balakrishnan

തിരുവനന്തപുരം: എന്‍എസ്എസ് വര്‍ഗീയ സംഘടനയുടെ ഭാഗമാകരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അയ്യപ്പ ജ്യോതി വിജയിപ്പിക്കാനുള്ള എന്‍എസ്എസ് ആഹ്വാനം ആര്‍എസ്എസിനെ സഹായിക്കാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അയ്യപ്പ ജ്യോതി ആര്‍എസ്എസ് പരിപാടിയെന്ന് പകല്‍ പോലെ വ്യക്തമാണ്. ഇത് വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നത് എന്‍എസ്എസിനെ ആര്‍എസ്എസ് തൊഴുത്തില്‍ കെട്ടാനല്ലാതെ മറ്റെന്തിനെന്നും കോടിയേരി ചോദിച്ചു. വിമോചന സമരത്തിന്റെ രാഷ്ട്രീയത്തിലേക്ക് എന്‍എസ്എസിനെ കൊണ്ടെത്തിക്കാനുള്ള നീക്കം വിപത്കരമെന്നും കോടിയേരി വ്യക്തമാക്കി.

വനിതാ മതിലില്‍ എന്‍എസ്എസിന്റെ പ്രതികരണം ശരിയായില്ലെന്നും കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

എന്‍എസ്എസ് നിലപാട് തിരുത്തണമെന്നും സംഘടനയെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് ആത്മഹത്യാപരമാണെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

വനിതാ മതില്‍ നിര്‍മ്മിക്കുന്നതു കൊണ്ട് സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കാനേ സാധിക്കുകയുള്ളുവെന്ന എന്‍എസ്എസിന്റെ പരാമര്‍ശത്തോട് പ്രതികരിച്ചായിരുന്നു കോടിയേരി രംഗത്തെത്തിയത്.

അതേസമയം കോടിയേരിയുടെ പരാമര്‍ശം എന്‍എസ്എസിനെ കുറിച്ചുള്ള അജ്ഞത മൂലമാണെന്നും മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്എസെന്നും രാഷ്ട്രീയത്തിന് അതീതമായി മതേതര നിലപാടാണ് എന്‍എസ്എസിന് ഉള്ളതെന്നും മറുപടിയായി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

എന്‍എസ്എസ് നിരീശ്വരവാദത്തിന് എതിരെന്നും സ്വന്തം വീഴ്ചകള്‍ തിരുത്താനാണ് കോടിയേരി ശ്രമിക്കേണ്ടതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Top