കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി

kodiyeri-jaleel

തിരുവനന്തപുരം : കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും കോടിയേരി പ്രതികരിച്ചു. എകെജി സെന്ററില്‍ കോടിയേരിയും കെ.ടി ജലീലും തമ്മിലുള്ള കൂടികാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ വിശദീകരണം തേടിയിട്ടില്ലെന്ന് കെ.ടി ജലീല്‍ നേരത്തെ പ്രതികരിച്ചിരുന്നു. കുറ്റിപ്പുറത്ത് ജയിച്ചതു മുതല്‍ ലീഗ് തന്നെ വേട്ടയാടുന്നതായും കെ ടി ജലീല്‍ ആരോപിച്ചിരുന്നു.

ബന്ധു നിയമന വിവാദത്തില്‍ കെടി ജലീലിന്റെ വാദം തെറ്റാണെന്ന് റിപ്പോര്‍ട്ട് എത്തിയിരുന്നു. നിയമനത്തില്‍ അപേക്ഷിച്ച നാലു പേര്‍ക്കും കെ.ടി ജലീലിന്റെ ബന്ധുവായ അദീപിനെക്കാള്‍ യോഗ്യതയുള്ളവരെന്ന് തെളിഞ്ഞിരുന്നു. അപേക്ഷ തള്ളിയവരില്‍ എസ്ബിഐ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.

ജലീല്‍ ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് യൂത്ത് ലീഗ് രംഗത്തെത്തുകയും ചെയ്തിരുന്നു. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ള പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കി കൊണ്ട് ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ജലീലിനെതിരായ ആരോപണം.

Top