ശബരിമല ; സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കോടിയേരി

kodiyeri pinaray

തിരുവനന്തപുരം: ശബരിമല വിഷയം സംബന്ധിച്ച് സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി തീരുമാനം എന്തായാലും സര്‍ക്കാര്‍ അംഗീകരിക്കും. വനിതാ പോലീസുകാരുടെ ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചുവെന്ന ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പ്രസ്താവന അസംബന്ധവും അല്‍പ്പത്തവുമാണ്. സന്നിധാനത്ത് എല്ലാം തങ്ങളാണ് ചെയ്യുന്നതെന്നു വരുത്തിത്തീര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

പ്രകോപനം ഉണ്ടാക്കരുതെന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ 50 വയസുകഴിഞ്ഞ വനിതാ പൊലീസുകാരെ സന്നിധാനത്ത് നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ക്ഷേത്രം കത്തിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്നു പറഞ്ഞത് ഇഎംഎസാണെന്ന കെ. സുധാകരന്റെ പ്രസ്താവന അദ്ദേഹത്തിന്റെ അജ്ഞതയാണ് വെളിവാക്കുന്നത്. സി. കേശവനെപ്പോലുള്ള കോണ്‍ഗ്രസിലെ പുരോഗമനവാദികളായ നേതാക്കളെ കെ. സുധാകരനടക്കമുള്ള ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

Top