പോലീസ് പരാജയമെന്നത് പ്രചരണം മാത്രം, ക്രമസമാധാന തകര്‍ച്ച കേരളത്തിലില്ലെന്ന് കോടിയേരി

തിരുവനന്തപുരം: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നിട്ട് സംഭവം ഉള്‍പ്പെടെ വ്യാപകമായി ചര്‍ച്ച ചെയ്യുന്നതിനിടെ പൊലീസിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ക്രമസമാധാന തകര്‍ച്ചയില്ലെന്നാണ് കോടിയേരിയുടെ പ്രതികരണം. കണ്ണൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

പോലീസ് പരാജയമെന്നത് പ്രചരണം മാത്രമാണ്. ക്രമസമാധാന തകര്‍ച്ച കേരളത്തില്‍ ഇല്ല. കോട്ടയത്ത് നടന്ന സംഭവം ഞെട്ടിക്കുന്നതാണ്. ഇതില്‍ അതിശക്തമായ നടപടി സര്‍ക്കാരിന്റെ നിന്നുണ്ടാകും. വേണമെങ്കില്‍ പുതിയ നിയമനിര്‍മാണം നടത്തുകയും ചെയ്യും. ജനങ്ങളുടെ ജീവനും സ്വത്തിനും കാവലായി മാറാന്‍ നടപടി കൈകൊള്ളുമെന്നും കോടിയേരി വ്യക്തമാക്കി.

കോട്ടയത്ത് 19 കാരനെ ഗുണ്ടകള്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിപക്ഷം ഉള്‍പ്പെടെ സര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. സംസ്ഥാനത്ത് ഗുണ്ടാരാജാണ് നടക്കുന്നത് എന്നായിരുന്നു സംഭവത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചത്. ഒരാളെ മര്‍ദിച്ച് കൊന്ന് പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നിടാന്‍ മാത്രം അക്രമികള്‍ക്ക് ധൈര്യം വന്നത്, ക്രമസമാധാന നിലയുടെ തകര്‍ച്ചയുടെ ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു. പിന്നാലൊണ് കോടിയേരിയുടെ പ്രതികരണം.

കൊല്ലപ്പെട്ട യുവാവിനെ കാണാനില്ലെന്ന് കാട്ടി മാതാവ് പരാതി നല്‍കുകയും പ്രതിയെ കുറിച്ച് വിവരം നല്‍കിയിട്ടും പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്ന് കൊല്ലപ്പെട്ട ഷാന്‍ ബാബുവിന്റെ മാതാവും ആരോപിച്ചിരുന്നു.

Top