ആര്‍ക്കെല്ലാം ഡി.ലിറ്റ് നല്‍കണമെന്നത് തീരുമാനിക്കേണ്ടത് സര്‍വ്വകലാശാലകളാണെന്ന് കോടിയേരി

തിരുവനന്തപുരം: ആര്‍ക്കെല്ലാം ഡി.ലിറ്റ് നല്‍കണമെന്നത് തീരുമാനിക്കേണ്ടത് സര്‍വ്വകലാശാലകളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതില്‍ ഗവണ്മെന്റിനോ മറ്റാര്‍ക്കെങ്കിലുമോ ഇടപെടാനാകില്ല. ഗവര്‍ണറാണ് സര്‍വ്വകലാശാലകളുടെ ചാന്‍സലറെന്നും കോടിയേരി വ്യക്തമാക്കി.

ഡി.ലിറ്റ് നല്‍കണമെന്ന് സര്‍വകലാശാലയോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കേണ്ടത് ഗവര്‍ണര്‍ തന്നെയാണ്. അതല്ലാതെ കോണ്‍ഗ്രസിലെ ചിലരല്ല. കേരളത്തിലെ ഒരു യൂണിവേഴ്‌സിറ്റിയും ഇതുവരെ ഒരു രാഷ്ട്രപതിക്കും ഡി.ലിറ്റ് നല്‍കിയ ചരിത്രം ഇല്ല.

കേരള സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ത്ഥിയായ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന് ഡി.ലിറ്റ് നല്‍കിയപ്പോള്‍ അദ്ദേഹം തന്നെ അത് നിഷേധിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. രാഷ്ട്രപതിക്ക് സര്‍വ്വകലാശാല ഡി.ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തേണ്ടത് ഗവര്‍ണറാണ്, മൂന്നാമത് ഒരാളല്ലെന്നും കോടിയേരി പറഞ്ഞു.

Top