സിപിഐഎം സമ്മേളനങ്ങളില്‍ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് കോടിയേരി

തിരുവനന്തപുരം: സിപിഐഎം സമ്മേളനങ്ങളില്‍ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം മാധ്യമ വാര്‍ത്തകള്‍ ഭാവനാ സൃഷ്ടി മാത്രമാണെന്നും കോടിയേരി പറഞ്ഞു.

മികച്ച പൊലീസ് ഭരണമുള്ള കേരളത്തെ ഇടിച്ചുതാഴ്ത്താനാണ് ഇത്തരം വാര്‍ത്തകള്‍. ആക്ഷേപങ്ങളുടെ മറവില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ യുഡിഎഫ്, ബിജെപി നേതാക്കളും ചില വര്‍ഗീയ സംഘടനകളും ഇറങ്ങിയിട്ടുണ്ടുണ്ടെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

‘ആഭ്യന്തരഭരണം മോശമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം അംഗീകരിച്ചെന്ന് എഴുതിവിടാനുള്ള ചങ്കൂറ്റംവരെ കാണിച്ച മാധ്യമങ്ങളുമുണ്ട്. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്ന് പാര്‍ടി സമ്മേളനം ആവശ്യപ്പെട്ടു എന്ന മാധ്യമവാര്‍ത്ത ഭാവനാസൃഷ്ടി മാത്രമാണ്. പാര്‍ട്ടി സമ്മേളനങ്ങളില്‍ വരാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മികച്ച പൊലീസ് ഭരണമുള്ള കേരളത്തെ ഇടിച്ചുതാഴ്ത്താനാണ്.’,

അമ്പതിനായിരത്തിലധികം പേരുള്ള സേനയാണ് പൊലീസ് സേന. പൊലീസ് പ്രവര്‍ത്തനത്തില്‍ എല്ലാക്കാലത്തും ആക്ഷേപങ്ങളുണ്ടായെന്നുവരും. ആക്ഷേപങ്ങളുണ്ടായാല്‍ സമയോചിതമായി ഇടപെട്ടുകൊണ്ട് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ മേല്‍ നടപടിയെടുക്കുകയാണ് വേണ്ടത്. അത് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ക്രമസമാധാന പാലനത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. സമാധാനകേരളമായി നമ്മുടെ സംസ്ഥാനത്തെ പരിരക്ഷിക്കുന്നതിന്റെ പ്രധാന ഉപാധി എല്‍ഡിഎഫ് ഭരണത്തിന്റെ മികവും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

സിപിഐഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് ഭരണമാണ് സംസ്ഥാനത്തുള്ളതെങ്കിലും പൊലീസിന്റെയോ മറ്റേതെങ്കിലും വകുപ്പുകളുടെയോ ഭരണകുത്തക പാര്‍ട്ടിക്കില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു പാര്‍ടിയുടെയോ മുന്നണിയുടെയോ സ്വകാര്യസ്വത്തല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടികാട്ടി.

ഈ ജനകീയ സര്‍ക്കാര്‍ കേരളത്തിലെ എല്ലാ ജനങ്ങളുടേതുമാണ്. ന്യായമായ കാര്യങ്ങള്‍ക്കുവേണ്ടി സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പൊലീസ് സ്‌റ്റേഷനുകളില്‍ ചെല്ലാം. പക്ഷേ, പൊലീസിന്റെ നീതിനിര്‍വഹണത്തില്‍ ഇടപെടാന്‍ പാടില്ല എന്നതാണ് പാര്‍ടി നിലപാടെന്നും കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ വ്യക്തമാക്കി.

Top