‘യോഗി പറഞ്ഞത് യുപിയില്‍ സംഭവിക്കണം’, കേരള വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി കോടിയേരി

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ കേരള വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

യോഗിയുടെ പരാമര്‍ശത്തിലൂടെ കേരളത്തിലെ കാര്യങ്ങള്‍ രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞത് യുപിയില്‍ സംഭവിക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

”അത് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് നല്ലതാണ്. കാട്ടു നീതിയാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. സര്‍വ്വ മേഖലയിലും ഉത്തര്‍പ്രദേശ് കേരളത്തെക്കാള്‍ പിന്നിലാണ്.” ബിജെപിയെ തോല്‍പ്പിച്ചാല്‍ യുപിയിലെ ജീവിത നിലവാരം മെച്ചപ്പെടുമെന്നും കോടിയേരി പറഞ്ഞു. യോഗിയുടെ വിലയിരുത്തല്‍ എന്താടിസ്ഥാനത്തിലാണെന്നും കേരളത്തിലെ ബിജെപി പരാമര്‍ശം തിരുത്തിക്കാന്‍ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സിപിഐഎമ്മും സിപിഐയും തമ്മില്‍ പരിഹരിക്കാനാവാത്ത പ്രതിസന്ധിയില്ലെന്നും ലോകായുക്താ ഓര്‍ഡിനന്‍സ് എതിര്‍പ്പ് സംബന്ധിച്ച് കോടിയേരി പ്രതികരിച്ചു. സിപിഐ തിരുത്തല്‍ ശക്തിയാവുന്നതില്‍ സന്തോഷമുണ്ട്. സിപിഐയുമായി ഏത് കാര്യവും ചര്‍ച്ച ചെയ്യാന്‍ സിപിഐഎമ്മിന് മടിയില്ലെന്നും കോടിയേരി വ്യക്തമാക്കി.

Top