ഗവർണർക്കെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് കോടിയേരി

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണര്‍ മോദിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്നും വളയമില്ലാതെ ചാടരുതെന്നും കോടിയേരി ദേശാഭിമാനി മുഖപത്രത്തിലെ ലേഖനത്തില്‍ പറഞ്ഞു.

മന്ത്രിസഭ അംഗീകരിച്ച് സമര്‍പ്പിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ പോയത് ആര്‍.എസ്.എസ്-ബിജെപി ഭരണത്തെ തൃപ്തിപ്പെടുത്താനാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത മന്ത്രിസഭ നിലനില്‍ക്കെ സമാന്തര ഭരണം അടിച്ചേല്‍പ്പിക്കാനാണ് ഗവര്‍ണറുടെ ശ്രമം. ഗവര്‍ണര്‍ക്ക് സംസ്ഥാന ഭരണത്തലവനെന്ന വിശേഷണമുണ്ട്. എന്നാല്‍, അത് ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണത്തെ മറികടക്കാനുള്ള സ്ഥാനമല്ല. ഇത് മനസ്സിലാക്കുന്നതില്‍ ആരിഫ് മുഹമ്മദ് ഖാന് വലിയ പിഴവ് പറ്റിയിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

സര്‍വകലാശാല നിയമനത്തിന്റെ പേരില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്താനാണ് ഗവര്‍ണറുടെ ശ്രമം. മോദി സര്‍ക്കാരിന്റെ ചട്ടുകമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷം ഗവര്‍ണറുടെ നിലപാടിന് ചൂട്ടുപിടിക്കുകയാണ്. പക്ഷെ, ഗവര്‍ണര്‍-സര്‍ക്കാര്‍ ഏറ്റുമുട്ടലിന്റെ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയും. ഗവര്‍ണറുടെ വളയമില്ലാ ചാട്ടത്തിന്റെ രാഷ്ട്രീയ നിലവാരം എന്തെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരായ ആക്രോശവും ചുവടുവെപ്പുമെന്നും കോടിയേരി പറഞ്ഞു.

ഗവര്‍ണര്‍ റബര്‍ സ്റ്റാമ്പോ രാഷ്ട്രപതിക്കും സംസ്ഥാനമന്ത്രിസഭയ്ക്കും മധ്യേയുള്ള തപാല്‍ ഓഫീസോ ആയി പരിമിതപ്പെടണമെന്ന് എല്‍ഡിഎഫ് ശഠിക്കുന്നില്ല. ഭരണഘടനാ വ്യവസ്ഥകള്‍ പരിശോധിക്കാനും അവ ആസ്വദിക്കാനും ഗവര്‍ണര്‍ക്ക് കഴിയും. എന്നാല്‍, ഭരണഘടനയ്ക്ക് വിധേയമാകാതെ പ്രവര്‍ത്തിക്കുകയും വര്‍ത്തമാനം പറയുകയും ചെയ്യുന്നത് വഴിതെറ്റലാണ്. അത്തരം വളയമില്ലാത്ത ചാട്ടം ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു.

Top