കെ-റെയില്‍: സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സിപിഎം പ്രചാരണ പരിപാടി തുടങ്ങുമെന്ന് കോടിയേരി

കോഴിക്കോട്: കെ-റെയിലിനായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ മാറ്റാന്‍ പ്രചാരണം തുടങ്ങുമെന്ന് സിപിഎം. സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്കിടയിലുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാക്കള്‍ തന്നെ നേരിട്ടുപോയി ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

നഷ്ടപരിഹാരമായി ലഭിക്കേണ്ട തുക പൂര്‍ണമായും നല്‍കിയതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്ന് ഉടമകളെ ബോധ്യപ്പെടുത്തും. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പ് തന്നെ ബന്ധപ്പെട്ട വീടുകളിലേക്ക് പോകുന്ന ഒരു പ്രചാരണപരിപാടി ജില്ലാ കമ്മറ്റികള്‍ വഴി ആസൂത്രണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഹൈക്കോടതി വിധി അംഗീകാരം നല്‍കിയ രീതിയിലുള്ള സര്‍വെ നടപടികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഗ്രാമങ്ങളില്‍ മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി തുകയാണ് ഭൂമി ഏറ്റെടുക്കുന്നതിന് ഉടമകള്‍ക്ക് നല്‍കുന്നത്. ഗവണ്‍മെന്റ് നിശ്ചയിക്കുന്ന വിലയ്ക്ക് പകരം ഒരു സാധാരണ സ്ഥലകൈമാറ്റത്തിന് നിശ്ചയിക്കുന്ന വിലയുടെ നാലിരട്ടി തുകയാണ് ഉടമകള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ആ തുകയില്‍ ഉടമ തൃപ്തനല്ലെങ്കില്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി ഇരു കക്ഷികള്‍ക്കും അംഗീകരിക്കാവുന്ന വില ഉറപ്പിച്ച ശേഷം മാത്രമായിരിക്കും ഭൂമി ഏറ്റെടുക്കുകയെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

കണ്ണൂര്‍ വിമാനത്താവളം ഭൂമി ഏറ്റെടടുക്കലിന്റെ സമയത്തും സമാനമായ പ്രതിഷേധങ്ങളുണ്ടായിരുന്നു. അന്ന് റവന്യു ഉദ്യോഗസ്ഥര്‍ നേരിട്ട് നാട്ടുകാരുമായി സംസാരിച്ചാണ് വിലയുടെ കാര്യത്തില്‍ ധാരണയായത്. അതേ മാതൃകയില്‍ തന്നെ ഉടമകളുടെ ആശങ്കകള്‍ പരിഹരിച്ചുകൊണ്ടു പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും കോടിയേരി പറഞ്ഞു.

അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സര്‍ക്കാരും പോലീസും സംയമനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Top