ഐഫോണ്‍ വില കൊടുത്ത് വാങ്ങിയത്, പനി പിടിച്ച് വീട്ടിലിരിക്കില്ലെന്ന് കോടിയേരി

കണ്ണൂര്‍: തലശ്ശേരിയില്‍ വോട്ട് കച്ചവടം പതിവാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഒരു വിഭാഗം വോട്ട് യുഡിഎഫിന് ചെയ്യുന്ന ശീലം തലശ്ശേരിയിലുണ്ട്. അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധം ബിജെപിയും അത് മുതലെടുക്കാന്‍ യുഡിഎഫും ശ്രമിക്കുന്നതിന്റെ ഫലമായാണ് തലേശേരിയിലെ ധാരണയെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങളാണ് മുഖ്യമന്ത്രി നടപ്പാക്കുന്നത്. ക്യാപ്റ്റന്‍ എന്ന പ്രയോഗം പാര്‍ട്ടി മുന്നോട്ട് വെച്ചതല്ല. ജനങ്ങള്‍ ആണ് അത്തരം പ്രയോഗങ്ങള്‍ നടത്തുന്നത്. ജനകീയ ഇടപെടലിന്റെ ഭാഗമായി കണ്ടാല്‍ മതി. പാര്‍ട്ടിയും എല്‍ഡിഎഫും എടുക്കുന്ന തീരുമാനമാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്നും കോടിയേരി വിശദീകരിച്ചു.

ഇ പി ജയരാജന്റേത് വ്യക്തിപരമായ നിലപാടാണ്. എന്നാല്‍ പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. ഐഫോണിന്റെ കാര്യം അന്വേഷണത്തില്‍ തെളിഞ്ഞില്ലേ. വിനോദിനി ഉപയോഗിക്കുന്നത് വില കൊടുത്ത് വാങ്ങിയതാണ്. ആരോപണങ്ങള്‍ വന്നാല്‍ പകച്ച് വീട്ടില്‍ പനി പിടിച്ചു കിടക്കാന്‍ ഞങ്ങളെ കിട്ടില്ല. ഇനിയും ആരോപണം വന്നേക്കാം. വന്നാല്‍ അതും നേരിടുമെന്ന് കോടിയേരി പറഞ്ഞു

ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണ്. അതിനനുസരിച്ച് സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് വരുന്നതിനെ കുറിച്ച് പാര്‍ട്ടി വിലയിരുത്തും. ചികിത്സക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും കോടിയേരി പറഞ്ഞു.

Top