കോടിയേരിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട്; പയ്യാമ്പലത്ത് സ്മൃതി കുടീരം

കണ്ണൂര്‍: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കോടിയേരി അന്ത്യവിശ്രമം കൊളളുന്ന കണ്ണൂര്‍ പയ്യാമ്പലത്ത് സ്മൃതി കുടീരം രാവിലെ അനാച്ഛാദനം ചെയ്യും. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍ തുടങ്ങിയ നേതാക്കളും കോടിയേരിയുടെ കുടുംബവും പങ്കെടുക്കും.

ഇ കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരി സ്മൃതി മണ്ഡപം. വൈകീട്ട് തലശേരിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പിലെ അനുസ്മരണ സമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ പങ്കെടുക്കും. മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികളാണ് കണ്ണൂരില്‍ സിപിഎം സംഘടിപ്പിക്കുന്നത്.

കേരള രാഷ്ട്രീയത്തിലെ സമവായത്തിന്റെ കമ്യൂണിസ്റ്റ് മുഖമായിരുന്നു കോടിയേരി. രാജ്യത്ത് മറ്റിടങ്ങളില്‍ സിപിഐഎമ്മിന്റെ സ്വാധീനം നഷ്ടമായപ്പോഴും കേരളത്തില്‍ ചരിത്രനേട്ടമായ തുടര്‍ഭരണത്തിലേക്ക് പാര്‍ട്ടിയെ നയിച്ചത് കോടിയേരി ബാലകൃഷ്ണനായിരുന്നുഅസാമാന്യ സംഘടനാപാടവം, താഴെത്തട്ടില്‍നിന്നും ഉയര്‍ന്ന് പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറിസ്ഥാനത്തെത്തിയ നേതാവ്. സൗഹൃദപൂര്‍ണമായ പെരുമാറ്റം, അണികള്‍ക്കിടയില്‍ മാത്രമല്ല വ്യത്യസ്ത ആശയങ്ങള്‍ പിന്തുടരുന്ന എതിര്‍ചേരിയിലുള്ളവരേയും ആകര്‍ഷിച്ച നേതാവ്. സംസ്ഥാനത്തെ എക്കാലത്തെയും മികച്ച സാമാജികരില്‍ ഒരാളായിരുന്നു അദ്ദേഹം.

മികച്ച സംഘടനാപാടവം കോടിയേരിയെന്ന കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയുടെ ശക്തിയായി മാറിയത് പെട്ടെന്നൊരു ദിവസമല്ല. പഠനകാലത്തുതന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി, ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിയായി തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. കേന്ദ്ര കമ്മിറ്റിയിലും പിബിയിലും എത്തിയ ശേഷമാണ് സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത്. അഞ്ച് തവണ തലശ്ശേരിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2006ലെ വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തു.

Top