പി.കെ. ശ്യാമളയ്ക്ക് കോടിയേരിയുടെ ക്ലീന്‍ചിറ്റ്; വീഴ്ച സംഭവിച്ചത് ഉദ്യോഗസ്ഥ തലത്തില്‍

kodiyeri balakrishnan

തി​രു​വ​ന​ന്ത​പു​രം:ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്‌ക്കെതിരെ നടപടയെടുക്കാനാകില്ലെന്ന് കോടിയേരി. ശ്യാമളയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ കോടിയേരി വീഴ്ച ഉദ്യോഗസ്ഥ തലത്തില്‍ മാത്രമാണെന്നും പ്രശ്‌നത്തില്‍ ശ്യാമളയ്ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും സംസ്ഥാന സമിതിയെ അറിയിച്ചു.

നഗസരഭാ അധ്യക്ഷക്ക് ലൈസന്‍സ് കൊടുക്കാനുള്ള അധികാരമില്ല. അധ്യക്ഷ എന്ന നിലയില്‍ കാര്യങ്ങള്‍ പരിശോധിക്കാം. അപ്പീല്‍ അധികാരം പോലും അധ്യക്ഷക്ക് ഇല്ല. അങ്ങനെ വളരെ പരിമിതമായ രീതിയില്‍ മാത്രമേ അധ്യക്ഷക്ക് ഇടപെടാന്‍ കഴിയു. അത്തരത്തില്‍ അധ്യക്ഷക്ക് വീഴ്ചപറ്റിയിട്ടില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

സംഭവത്തില്‍ മൂന്നു തലത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും നിജസ്ഥിതി പുറത്തുവരട്ടെയെന്നും കോടിയേരി പറഞ്ഞു. ശ്യാമള കുറ്റം ചെയ്‌തെന്ന് ഈ ഘട്ടത്തില്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍, നാല് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ കലേഷ്, ഗ്രേഡ് വണ്‍ ഓവര്‍സിയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ആന്തൂരില്‍ പ്രവാസി സംരഭകന്‍ സാജന്‍ ആത്മഹത്യ ചെയ്തതില്‍ സിപിഎം ഭരിക്കുന്ന നഗരസഭയെയും അധ്യക്ഷ പി.കെ .ശ്യാമളയെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും നിയമസഭയില്‍ സ്വീകരിച്ചത്. പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നു. സാജന്‍ ആത്മഹത്യചെയ്തതിന് ഉത്തരവാദികള്‍ സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയും അധ്യക്ഷ പി.കെ.ശ്യാമളയുമാണെന്ന് ആരോപിച്ചു പ്രതിപക്ഷം നിയമസഭ പ്രക്ഷുബ്ധമാക്കിയിരുന്നു.

Top