സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതായി കോടിയേരി

kodiyeri

തിരുവനന്തപുരം: സംഘര്‍ഷ മേഖലകളില്‍ സമാധാനത്തിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സംഘര്‍ഷമുണ്ടായ തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ജില്ലാതലത്തില്‍ സമാധാന ചര്‍ച്ചകള്‍ വിളിച്ചുചേര്‍ക്കാനും യോഗം തീരുമാനിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ജുലൈ ഒന്നാം തീയതി തിരുവനന്തപുരം, കോട്ടയം ജില്ലകളിലും അഞ്ചാം തീയതി കണ്ണൂര്‍ ജില്ലയിലും സമാധാന ചര്‍ച്ചകള്‍ നടക്കും. ഈ യോഗത്തില്‍ കൂടുതല്‍ തീരുമാനമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിളിച്ച സമാധാന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സമാധാന ചര്‍ച്ച.

എന്നാല്‍, മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിന് തൃപ്തികരമായ ഉത്തരം കോടിയേരി നല്‍കിയില്ല.

സമാധാന ചര്‍ച്ച കഴിഞ്ഞ് പുറത്തുവന്ന മുഖ്യമന്ത്രി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് ഇറങ്ങിവന്ന കോടിയേരിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചു.

ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്താല്‍ പരിഹാരമുണ്ടാവില്ല എന്ന് പറഞ്ഞ കോടിയേരി അനുവാദമില്ലാതെ നിങ്ങള്‍ ഹാളില്‍ കയറുകയായിരുന്നു എന്ന് പിന്നീട് പറഞ്ഞു.

എല്ലാ കാര്യങ്ങളും നിങ്ങള്‍ മുഖ്യമന്ത്രിയോട് സംസാരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ നടപടി ശരിയായോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കാതെ നടന്നുനീങ്ങുകയായിരുന്നു.

രാവിലെ കോടിയേരിയുടെ സാന്നിധ്യത്തിലായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ മുഖ്യമന്ത്രിയുടെ ‘കടക്ക് പുറത്ത്’ ആക്രോശമുണ്ടായത്.

Top