പുകമറ സൃഷ്ടിക്കുന്ന പ്രചരണം; ഡി.ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കോടിയേരി

തിരുവനന്തപുരം: ഡി.ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായെങ്കില്‍ അതില്‍ പ്രതികരിക്കേണ്ടത് ഗവര്‍ണറാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വിഷയം പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ മുന്നില്‍വന്നിട്ടില്ല. പുകമറ സൃഷ്ടിക്കുന്ന പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കേണ്ടതും വെളിപ്പെടുത്തലുകള്‍ നടത്തേണ്ടതും ഗവര്‍ണറാണ്. അദ്ദേഹമാണ് സര്‍വ്വകലാശാല ചാന്‍സിലര്‍ എന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഓണററി ബിരുദം നല്‍കല്‍ സര്‍വ്വകലാശാലയുടെ സ്വയംഭരണാവകാശമാണെന്നും ഇതില്‍ സര്‍ക്കാരിന് ഒരു റോളുമില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഇടപെടില്ല. ഓണററി ബിരുദം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക സെനറ്റും സിന്റിക്കേറ്റുമാണ്. രമേശ് ചെന്നിത്തലയുടെ പരാമര്‍ശങ്ങള്‍ തീര്‍ത്തും തെറ്റായ ആരോപണങ്ങളാണെന്നും ഗവര്‍ണറുടെ നിലപാട് നിയമവിരുദ്ധം ആണെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണ് എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇന്നലെയാണ് രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.

Top