ഇന്ത്യൻ സൈന്യത്തിനെതിരെ കോടിയേരി നടത്തിയ പ്രസ്താവന പാക്ക് മാധ്യമത്തിൽ !

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനെതിരെ പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഏറ്റെടുത്ത് പാക്ക് മാധ്യമങ്ങൾ. പട്ടാളത്തിന് എതു സ്ത്രീയേയും മാനഭംഗപ്പെടുത്താമെന്നും നാലാൾ കൂടിയാൽ വെടിവച്ചുകൊല്ലാമെന്നും കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവ് പ്രസംഗിച്ചെന്നാണ് ദി എക്സ്പ്രസ് ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തത്.

കോടിയേരിയുടെ ചിത്രം സഹിതം വിശദമായും പ്രധാന്യത്തോടെയുമാണ് റിപ്പോർട്ട്. ഫെയ്സ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും ഈ റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്. ഇന്ത്യയെക്കുറിച്ചും പട്ടാളത്തെക്കുറിച്ചും സത്യസന്ധമായ അഭിപ്രായമാണ് കോടിയേരി നടത്തിയതെന്നു പ്രതികരിച്ചവരുമുണ്ട്. ദേശീയ വാർത്താ ഏജൻസിയിൽ നിന്നാണ് കോടിയേരിയുടെ അഭിപ്രായപ്രകടനം പാക്ക് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.

‘പട്ടാളത്തിന് ആരെയും എന്തും ചെയ്യാം. നാലാളിൽ അധികം കൂടിയാൽ വെടിവച്ചു കൊല്ലാം. എതു സ്ത്രീകളെയും പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തും. ചോദിക്കാനും പറയാനും അവകാശമില്ല. അമിതാധികാരമുണ്ട്. ഇതാണു പട്ടാളനിയമം നടപ്പിലാക്കിയ എല്ലാ സ്ഥലത്തെയും അനുഭവം’- കോടിയേരി പറഞ്ഞു. കണ്ണൂരിലെ പ്രസംഗത്തിലാണ് കോടിയേരിയുടെ വിവാദ പരാമർശങ്ങളുണ്ടായത്.
army-kodiyeri

എന്നാൽ ഇന്ത്യൻ സേനയെ അപമാനിച്ചു എന്ന രീതിയിൽ ചില മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിക്കുന്നത് തീർത്തും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നുണപ്രചാരണമാണെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. കശ്മീരിലും നാഗാലാൻഡിലും മണിപ്പുരിലും പ്രയോഗിക്കുന്ന പട്ടാളനിയമമായ ‘അഫ്സ്പ’ കേരളത്തിലും നടപ്പാക്കണമെന്ന് വാദിക്കുന്ന ആർഎസ്എസ് നിലപാടിനെയാണ് താൻ എതിർത്തതെന്നു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കോടിയേരി അവകാശപ്പെട്ടു.

പട്ടാളത്തെയല്ല, പട്ടാളനിയമത്തെയാണ് എതിർത്തതെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും ഞായറാഴ്ച കോടിയേരി വ്യക്തമാക്കി.

Top