kodiyeri balakrishnan’s statement on malapuram by-election

തിരുവനന്തപുരം: മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എല്‍ ഡി എഫിനെ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അതുകൊണ്ടാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ യു ഡി എഫ് ഭൂരിപക്ഷം കുറയ്ക്കാനായത്. എല്‍ ഡി എഫിന് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. അത് ചെറിയൊരു കാര്യമല്ലെന്നും കോടിയേരി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന്റെ ഭൂരിപക്ഷം രണ്ടുലക്ഷത്തോളം വോട്ടാണ്. അന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് 47,853 വോട്ടും(5.61 ശതമാനം) വെല്‍ഫയര്‍ പാര്‍ടിക്ക് 29,216 വോട്ടും( 3.42) ലഭിച്ചു. ഈ കൂട്ടര്‍ ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്റെ വിജയത്തിനായാണ് പ്രവര്‍ത്തിച്ചത്. ഈ വോട്ടുകൂടി കണക്കാക്കുകയാണ് എങ്കില്‍ യുഡിഎഫിന് 61 ശതമാനത്തിലേറെ വോട്ട് ലഭിക്കണം. എന്നാല്‍, 55 ശതമാനം വോട്ടേ ലഭിച്ചിട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

77,502 വോട്ടാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫിന് വര്‍ധിച്ചത്. എസ് ഡി പി ഐയുടെയും വെല്‍ഫയര്‍ പാര്‍ടിയുടെയും 77,069 വോട്ട് അധികമായി ലഭിച്ചിട്ടും മുസ്ലീം സംഘടനകളെ മുഴുവന്‍ ഏകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടും പ്രതീക്ഷിച്ച വിജയം നേടാന്‍ യുഡിഎഫിന് കഴിഞ്ഞില്ല.

എല്‍ ഡി എഫിന്റെ വോട്ട്, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 1,01,303 ആയി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ രാഷ്ട്രീയനിലപാടുകള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുന്നുവെന്നും, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപിന്തുണ വര്‍ധിച്ചുവെന്നുമാണ് ഇതിലൂടെ തെളിയുന്നത്. നേരത്തേതിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ എല്‍ ഡി എഫിനെ അംഗീകരിക്കുന്നു.

എല്‍ഡിഎഫിനെതിരെ വിഷലിപ്തമായ പ്രചാരവേലകളാണ് യുഡിഎഫും ബിജെപിയും നടത്തിയത്. മതധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കങ്ങളും ഇവര്‍ സംഘടിപ്പിച്ചു. അത്തരം നിലപാടുകള്‍ വിലപ്പോകില്ലെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പു ഫലം. മതനിരപേക്ഷപ്രസ്ഥാനം കൂടുതല്‍ ശക്തമായി മുന്നോട്ടുപോകണമെന്ന സന്ദേശമാണ് ഈ ഫലം നല്‍കുന്നത്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭൂരിപക്ഷം സീറ്റ് നേടുമെന്ന ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പ്രഖ്യാപനം പുറത്തുവന്ന ദിവസംതന്നെയാണ് മലപ്പുറം ഫലവും വന്നത്. ബിജെപിയുടെ പ്രതീക്ഷകളൊന്നും കേരളത്തില്‍ നടക്കില്ലെന്നതിന്റെ തെളിവായി തെരഞ്ഞെടുപ്പു ഫലം മാറുകയും ചെയ്തുവെന്നും കോടിയേരി ഫേസ് ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

Top