Kodiyeri Balakrishnan’S Statement about Marad massacre

kodiyeri

കണ്ണൂര്‍: മാറാട് കൂട്ടക്കൊലക്കേസ് അന്വേഷിക്കാനുള്ള സിബിഐ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കേസ് സിബിഐയ്ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അന്നു കേന്ദ്രം ഭരിച്ചിരുന്ന യുപിഎ തള്ളുകയായിരുന്നു. മുസ്ലിം ലീഗിനെയും ബിജെപിയെയും പ്രതിക്കൂട്ടിലാക്കിയ കേസാണിത്.

പിന്നീട് ഇപ്പോള്‍ സിബിഐ ഇത്തരമൊരു നിലപാടില്‍ എത്തിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.

തച്ചങ്കരി വിവാദത്തില്‍ വകുപ്പുതല അന്വേഷണം നടക്കട്ടെയെന്നും കോടിയേരി പ്രതികരിച്ചു.

മാറാട് കടപ്പുറത്തുണ്ടായ രണ്ടാമത്തെ കൂട്ടക്കൊല ഏറ്റെടുക്കാന്‍ തയാറാണെന്നു സിബിഐ ഇന്നലെയാണ് ഹൈക്കോടതിയെ അറിയിച്ചത്.

2003 മെയ് രണ്ടിനായിരുന്നു ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊല നടന്നത്. അരയസമാജം അംഗങ്ങളായിരുന്നു മരിച്ചവരില്‍ എട്ടുപേര്‍.

കലാപത്തില്‍ എം സി മായിന്‍ഹാജി അടക്കമുള്ള ലീഗ് നേതാക്കള്‍ക്കു വ്യക്തമായ പങ്കുണ്ടെന്ന് അന്നു കേസ് അന്വേഷിച്ച എസ് പി സിഎം പ്രദീപ് കുമാര്‍ കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്നു കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ വി എസ് അച്യുതാന്ദന്‍ മുഖ്യമന്ത്രിയായ എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലീഗിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നു തള്ളുകയായിരുന്നു.

2002ലെ പുതുവത്സരാഘോഷത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തിന്റെ ഫലമായി ഏറ്റുമുട്ടലുണ്ടാവുകയും അഞ്ചുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇതിന്റെ പ്രതികാരമായിരുന്നു രണ്ടാം കൂട്ടക്കൊലയെന്നാണ് കമ്മീഷനും അന്വേഷണ സംഘങ്ങളും കണ്ടെത്തിയിരുന്നത്.

രണ്ടാം കൂട്ടക്കൊലയ്ക്കു ശേഷം നടത്തിയ റെയ്ഡിനിടയില്‍ സമീപത്തുള്ള മുസ്ലിം പള്ളിയില്‍നിന്നു മാരകായുധങ്ങലും ബോംബുകളും കണ്ടെത്തിയിരുന്നു.

മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന എം സി മായിന്‍ഹാജി കൂട്ടക്കൊലയ്ക്കുള്ള ഗൂഢാലോചനയില്‍ നേരിട്ടു പങ്കാളിയായതായാണു വിലയിരുത്തല്‍.

Top