KODIYERI BALAKRISHNAN’S FB POST

തിരുവനന്തപുരം: സിപിഎമ്മും സിപിഐയും നല്ല ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഈ ഐക്യത്തിന്റെ ഫലമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ ഉജ്വല വിജയം. കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

സിപിഐയും ഇടതു നേതാവും എംഎല്‍എയുമായ എം. സ്വരാജും തമ്മിലുള്ള തര്‍ക്കം മുറുകിയതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം വിമതര്‍ സിപിഐയിലേക്ക് പോകുന്നതിനെതിരെ സ്വരാജ് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സിപിഐ എമ്മും സിപിഐയും നല്ല ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഐക്യത്തിന്‍റെ ഫലമാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ ഉജ്വല വിജയം. കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ആ സമയത്ത് സിപിഐ എമ്മും സിപിഐയുമായി ഭിന്നത മുര്‍ഛിക്കുകയാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് എന്തിനാണെന്നത് മനസിലാക്കാന്‍ ആര്‍ക്കും സാധിക്കും. ആ ശ്രമം വിലപ്പോവില്ല.
ഇരു പാര്‍ടികള്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള സാഹചര്യം നിലവിലുണ്ട്. അത് പരസ്യമായി പറയേണ്ടതില്ല. അവസരവാദപരമായ നിലപാട് ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് ഗുണകരമല്ലെന്ന് 1964 കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിളര്‍പ്പിനുശേഷം ഉണ്ടായ അനുഭവത്തിലൂടെ ബോധ്യമായതാണ്. അടിയന്തിരാവസ്ഥയെ പിന്തുണച്ച നിലപാട് ശരിയായില്ലെന്ന് തിരിച്ചറിഞ്ഞാണ് വിശാലയമായ ഇടതുപക്ഷ ഐക്യത്തിന് സിപിഐ തയ്യാറായത്. കൂടുതല്‍ ഐക്യത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
അഖിലേന്ത്യാതലത്തിലോ, സംസ്ഥാന തലത്തിലോ രണ്ട് പാര്‍ടികളും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല. പ്രാദേശികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ പേരില്‍ രണ്ട് പാര്‍ടികളും ഭിന്നതയിലാണെന്ന് വരുത്തി തീര്‍ക്കാനാണ്നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ശ്രമം. എന്നാല്‍, അതിന് നിന്നുതരാന്‍ സിപിഐ എം തയ്യാറല്ല. ഞങ്ങള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കും.

Top