വിവാദങ്ങള്‍ അവര്‍ക്കു നേരെ പാഞ്ഞടുക്കുന്ന ഗതികിട്ടാ പ്രേതങ്ങള്‍; കോടിയേരി

തിരുവനന്തപുരം: ബിജെപി, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് സംയുക്ത പ്രതിപക്ഷത്തിന്റെ വിവാദ വ്യവസായത്തിന്റെ ഉല്‍പ്പന്നങ്ങള്‍ അവര്‍ക്കു നേരെതന്നെ പാഞ്ഞടുക്കുന്ന ഗതികിട്ടാ പ്രേതങ്ങളായി മാറുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പെട്ടിമുടിയിലെ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ മാത്രമാണ് വാഗ്ദാനം ചെയ്തതെന്നും പെട്ടിമുടിയില്‍ മുഖ്യമന്ത്രി എത്താത്തത് അവരോടുള്ള സഹതാപരാഹിത്യമാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി മരണപ്പെട്ടവരുടെ കുടുംബത്തിന് ആദ്യപടിയായി അഞ്ച് ലക്ഷം രൂപ നല്‍കുന്നതാണെന്ന് അറിയിച്ചിരുന്നു.

ദുരന്തങ്ങളെ സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന പ്രതിപക്ഷത്തിന്റെ ഇത്തരം ശൈലി വില കുറഞ്ഞതാണെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബിജെപി, കോൺഗ്രസ്, മുസ്ലിംലീഗ് സംയുക്ത പ്രതിപക്ഷത്തിന്റെ വിവാദ വ്യവസായത്തിന്റെ ഉൽപ്പന്നങ്ങൾ അവർക്കു നേരെതന്നെ പാഞ്ഞടുക്കുന്ന ഗതികിട്ടാ പ്രേതങ്ങളായി മാറുന്നുണ്ട്.

പെട്ടിമുടി–-കരിപ്പൂർ ദുരന്തങ്ങളിൽ മുഖ്യമന്ത്രിയും സർക്കാരും ഇരട്ടത്താപ്പ് കാട്ടിയെന്ന് ആക്ഷേപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാവായ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഒരുപോലെ രംഗത്തുവന്നതിന്റെ അനുഭവം അതാണ് വ്യക്തമാക്കുന്നത്.

തമിഴ് സഹോദരന്മാരെ മലയാളികൾക്കെതിരായി തിരിച്ചുവിടുന്ന നടപടിയാണ് അവരിൽ നിന്നുണ്ടായത്.

വിമാനദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി പെട്ടിമുടിയിലെ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ മാത്രമാണ് വാഗ്ദാനം ചെയ്തതെന്നും പെട്ടിമുടിയിൽ മുഖ്യമന്ത്രി എത്താത്തത് അവരോടുള്ള സഹതാപരാഹിത്യമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാൽ, ഗവർണർക്കൊപ്പം മുഖ്യമന്ത്രി വ്യാഴാഴ്ച പെട്ടിമുടിയിലെത്തുകയും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ആദ്യപടിയായി നൽകുന്നതാണെന്ന് ആദ്യദിവസംതന്നെ മുഖ്യമന്ത്രി അറിയിച്ചതാണ്. അതൊന്നും മാനിക്കാതെ ദുരന്തങ്ങളെ സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന പ്രതിപക്ഷശൈലി വിലകുറഞ്ഞതാണ്.

Top