വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടാണ് ധൃതിപിടിച്ച് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. ദില്ലി, മുംബൈ എയര്‍പോര്‍ട്ടുകള്‍ നേരത്തെ തന്നെ ബി.ജെ.പി സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വരുമാനത്തിന്റെ പകുതിയിലധികവും ലഭിച്ചുകൊണ്ടിരുന്നത് ദില്ലി, മുംബൈ എയര്‍പോര്‍ട്ടുകളില്‍ നിന്നാണ്. മിനി നവരത്‌ന പദവിയിലുള്ള പൊതുമേഖലാ സ്ഥാപനമായ എയര്‍പോര്‍ട്ട് അതോറിറ്റി നവരത്‌ന പദവയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.

ലാഭം കണ്ടുകൊണ്ടാണ് കോര്‍പ്പറേറ്റുകള്‍ ഇത് കൈയ്യടക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ . ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളം സ്ഥിതി ചെയ്യുന്ന 685 ഏക്കര്‍ സ്ഥലം പലപ്പോഴായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയതായിരുന്നു. 30% വാര്‍ഷിക വളര്‍ച്ചയുള്ള വിമാനത്താവളമാണ് തിരുവനന്തപുരം. കഴിഞ്ഞ 6 വര്‍ഷത്തെ കണക്കെടുത്താല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 100% വര്‍ദ്ധനവാണ് ഉണ്ടായത്.

600 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകാരം നല്‍കി മുന്നോട്ടു പോകുകയാണ്. അതോടൊപ്പം 18 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കി വികസന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനം വരുന്നത്. ഏത് കാലാവസ്ഥയിലും വിമാനമിറങ്ങാന്‍ കഴിയുന്ന രാജ്യത്തെ തന്നെ മികച്ച വിമാനത്താവളത്തെയാണ് സ്വകാര്യവത്ക്കരിക്കാന്‍ നീക്കം നടത്തുന്നത്. ഇതിനെതിരെ കേരളത്തിലെ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Top