രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണം; എന്‍എസ്എസിനെതിരെ കോടിയേരി

Kodiyeri Balakrishanan

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരം നിലപാട് സ്വീകരിച്ച എന്‍എസ്എസിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് നിലപാട് എല്‍ഡിഎഫിന്റെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് കോടിയേരി പറഞ്ഞു. തങ്ങളുടെ നിലപാട് അവരുടെ മേലും അടിച്ചേല്‍പ്പിക്കില്ല. എന്‍എസ്എസ്സിന് സ്വന്തം നിലപാട് സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാതെ സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല. അത് ശരിയായ സന്ദേശമല്ല നല്‍കുന്നത്.തങ്ങളുടെ ഒപ്പമാണ് എന്‍എസ്എസ് എന്ന് മൂന്നു മുന്നണികള്‍ക്കും തീരുമാനിക്കാന്‍ കഴിയുന്ന രീതിയിലാണ് എന്‍എസ്എസിനെ ശരി ദൂരം നിലപാട്. യുഡിഎഫിനൊപ്പം ആണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടില്ല.വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസുകാരാണ് എന്‍എസ്എസ് നിലപാട് അങ്ങനെയാണെന്ന് വ്യാഖ്യാനിച്ചത്.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇതില്‍ യാതൊരു രീതിയിലുള്ള ബേജാറും ഇല്ല. മുമ്പും ഇതുപോലെയുള്ള നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

എന്‍എസ്എസ് ശരിദൂര നിലപാട് സ്വീകരിക്കാനുള്ള പ്രധാന കാരണം ശബരിമലയാണെന്ന് ജി സുകുമാരന്‍ നായര്‍ ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസം ഇല്ലാതാക്കാന്‍ നിലകൊണ്ടു. എന്‍എസ്എസ് നേതൃത്വം പറഞ്ഞാല്‍ അംഗങ്ങള്‍ കേള്‍ക്കില്ല എന്ന വാദം സമുദായ അംഗങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നും സുകുമാരന്‍ നായര്‍ അവകാശപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

Top