ബിജെപി ബന്ധം ബിഡിജെഎസ് ഉപേക്ഷിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeri balakrishnan

ചെങ്ങന്നൂര്‍: ബിജെപി ബന്ധം ബി.ഡി.ജെ.എസ് ഉപേക്ഷിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയുമായി ഒരിക്കലും ബിഡിജെഎസിന് ചേരാന്‍ കഴിയില്ലെന്നും ചാതുര്‍വര്‍ണ്യത്തിനാണ് അവര്‍ പ്രാധാന്യം നല്‍കുന്നതെന്നും കോടിയേരി പറഞ്ഞു. ചെങ്ങന്നൂരില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതാണ് ബിഡിജെഎസ്. രണ്ടു പ്രസ്ഥാനങ്ങളുടെയും ആശയങ്ങള്‍ തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ട്. അതുകൊണ്ടു തന്നെ ബിജെപി ബന്ധം ഉപേക്ഷിച്ച് ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളിലൂന്നി ബിഡിജെഎസ് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി നിസ്സഹകരണം തുടരാനുള്ള ബിഡിജെഎസിന്റെ തീരുമാനം എന്‍ഡിഎയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും ഇരു പാര്‍ട്ടികളുടെയും ബന്ധത്തിന് ആയുസുണ്ടാകില്ലെന്നും രണ്ടു വര്‍ഷം മുന്‍പേ സിപിഎം വ്യക്തമാക്കിയതാണ്. ബിഡിജെഎസ്- ബിജെപി ബന്ധം ധൃതരാഷ്ട്രാലിംഗനമാണെന്നും കോടിയേരി പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ടും ഭൂരിപക്ഷവും വര്‍ധിക്കും. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ എല്‍ഡിഎഫ് പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞുവെന്നും കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണയും മൂന്നാം സ്ഥാനത്തായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ വിശ്വാസം ഇടതുപക്ഷത്തിലാണെന്നും കോടിയേരി അവകാശപ്പെട്ടു.

ആഭ്യന്തര വകുപ്പിനെതിരെ ഏറ്റവും കുറവ് വിമര്‍ശനങ്ങളാണ് എല്‍ഡിഎഫ് ഭരണത്തില്‍ ഉണ്ടായിട്ടുള്ളത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനപക്ഷത്തുനിന്നു കര്‍ശന നടപടി സ്വീകരിക്കുന്ന സര്‍ക്കാരാണിത്. വേട്ടക്കാര്‍ക്കൊപ്പമല്ല, ഇരകള്‍ക്കൊപ്പമായിരിക്കും തങ്ങളെന്ന് വരാപ്പുഴ സംഭവത്തില്‍ സ്വീകരിച്ച കര്‍ശന നടപടികളിലൂടെ ഒരിക്കല്‍കൂടി സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

Top