കോടിയേരി ‘കനിഞ്ഞു’ എം എല്‍ എയുടെ തരംതാഴ്ത്തല്‍ ഒഴിവായി, പരസ്യ ശാസന മാത്രം

തൃശൂര്‍: ആര്‍.എസ്.എസ് സംഘടിപ്പിച്ച പൊതുചടങ്ങില്‍ പങ്കെടുത്ത ഇരിങ്ങാലക്കുട എം.എല്‍.എയും, സി.പി.എം നേതാവുമായ പ്രൊ. കെ.യു.അരുണനെ രക്ഷിച്ച് കോടിയേരി.

കടുത്ത നടപടി എടുക്കണമെന്ന ആവശ്യം പാര്‍ട്ടിക്കകത്ത് ശക്തമായിരുന്നെങ്കിലും നടപടി പരസ്യ ശാസനയില്‍ മാത്രം ഒതുക്കിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണെന്നാണ് സൂചന.

മുന്‍പ് സമാനമായ രീതിയില്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത മുന്‍ കൊല്ലം മേയര്‍ പത്മലോചനനെ സി.പി.എം പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.

എം.എല്‍.എ അരുണനേയും ഇതേ രൂപത്തില്‍ തരംതാഴ്ത്തണമെന്നതായിരുന്നു പാര്‍ട്ടിക്കകത്തെ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. എന്നാല്‍ കോടിയേരി അരുണന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. എം.എല്‍.എ ആണെന്നത് കൂടി പരിഗണിച്ചാണ് കര്‍ശന നടപടിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഏതുതരം നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് നിര്‍ദേശിച്ചിരുന്നില്ല. ഇത് സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മറ്റിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മറ്റി അരുണന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ, ആര്‍.എസ്.എസ് പരിപാടിയാണെന്ന് അറിയാതെയാണ് താന്‍ പങ്കെടുത്തതെന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് അരുണന്‍ വിശദീകരണം നല്‍കിയിരുന്നു.

അതേസമയം നടപടി പരസ്യശാസനയില്‍ ഒതുക്കാനുള്ള തീരുമാനം തൃശ്ശൂര്‍ സിപിഎമ്മില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ആര്‍.എസ്.എസ്. സേവാപ്രമുഖായിരിക്കെ മരണപ്പെട്ട പി.എസ് ഷൈനിന്റെ സ്മരാണാര്‍ഥം പുല്ലൂര്‍ ഊരകത്ത് തിങ്കളാഴ്ച വൈകുന്നേരം ആര്‍.എസ്.എസ് നടത്തിയ പുസ്തക വിതരണ പരിപാടിയാണ് കെ.യു അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തത്.

എം.എല്‍.എ പങ്കെടുത്തത് ആര്‍.എസ്.എസ് പരിപാടിയിലാണെന്ന വാര്‍ത്ത പുറത്തായതോടെയാണ് സംഭവം വിവാദമായത്. ഇതുസംബന്ധമായ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് express Kerala ആയിരുന്നു.

Top