കെ പി സി സി പ്രസിഡന്റിന്റെ ഗതികേടില്‍ സഹതപിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

KODIYERI

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റിന്റെ ഗതികേടില്‍ സഹതപിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ കോണ്‍ഗ്രസ് എം എല്‍ എ, എം വിന്‍സന്റിന് വേണ്ടി വക്കാലത്തെടുത്ത് സംസാരിക്കേണ്ടി വന്ന ഹസന്റെ നിലപാടിനെതിരെയാണ് കോടിയേരി രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് കോടിയേരി നിലപാട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ ചരിത്രത്തില്‍ ആദ്യമായാണ് അവരുടെ ഒരു എം എല്‍ എ സ്ത്രീപീഡനത്തിന്റെ പേരില്‍ അറസ്റ്റിലാവുന്നത്. ഇരയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ വ്യക്തിയോട് എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന് കെ പി സി സി പ്രസിഡന്റ് പത്രസമ്മേളനം വിളിച്ച് നിര്‍ദേശിക്കുന്നതും ചരിത്രത്തിലെ കറുത്തനിമിഷമാണെന്നും കോടിയേരി തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം വിന്‍സെന്റ് എംഎല്‍എയ പാര്‍ട്ടി പദവികളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ കുറ്റവിമുക്തനാകുന്നത് വരെ അദ്ദേഹം കെപിസിസി സെക്രട്ടറി ഉള്‍പ്പെടെയുള്ള പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കുമെന്നും. കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ വ്യക്തമാക്കിയിരുന്നു.

ജനാധിപത്യ മര്യാദ പരിഗണിച്ചാണ് പാര്‍ട്ടി നടപടിയെന്നും, അതേസമയം, എംഎല്‍എ സ്ഥാനം രാജിവെക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഹസന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര എംഎല്‍എയും സിപിഐഎമ്മുമാണ് വിന്‍സെന്റിന് എതിരായ ഗൂഢാലോചനയ്ക്ക് പിന്നിലെന്നും ഹസന്‍ ആരോപിച്ചിരുന്നു.

വിന്‍സെന്റിന്റെ അറസ്റ്റ് തിടുക്കപ്പെട്ടായിരുന്നെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ഹസന്‍ കുറ്റപ്പെടുത്തി. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ നടനെ അറസ്റ്റ് ചെയ്യാന്‍ അഞ്ച് മാസം വേണ്ടി വന്നു. എന്നാല്‍ വിന്‍സെന്റിനെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. തിരക്കിട്ടുള്ള അറസ്റ്റ് സംഭവത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നു.

എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട കാര്യമില്ല. കുറ്റക്കാരനെന്ന് കോടതി വിധിച്ചാല്‍ അപ്പോള്‍ പാര്‍ട്ടി രാജി ആവശ്യപ്പെടും. മുന്‍പും ആരോപണവിധേയര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച ചരിത്രമില്ല.

ഒരു സ്ത്രീയുടെ പരാതിയെ പാര്‍ട്ടി ഗൗരവമായാണ് കാണുന്നത്. രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ടെങ്കില്‍ക്കൂടി ഉന്നതമായ ജനാധിപത്യ മാന്യത പരിഗണിച്ചാണ് പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നത്. ഹസന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ കോണ്‍ഗ്രസ് എം എല്‍ എ, എം വിന്‍സന്റിന് വേണ്ടി വക്കാലെടുത്ത് സംസാരിക്കേണ്ടി വന്ന കെ പി സി സി പ്രസിഡന്റിന്റെ ഗതികേടില്‍ സഹതപിക്കുകയാണ്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ ചരിത്രത്തില്‍ ആദ്യമായാണ് അവരുടെ ഒരു എം എല്‍ എ സ്ത്രീപീഡനത്തിന്റെ പേരില്‍ അറസ്റ്റിലാവുന്നത്. ഇരയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ വ്യക്തിയോട് എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന് കെ പി സി സി പ്രസിഡന്റ് പത്രസമ്മേളനം വിളിച്ച് നിര്‍ദേശിക്കുന്നതും ചരിത്രത്തിലെ കറുത്തനിമിഷമാണ്.

എം എം ഹസനെ സ്ത്രീ പീഡകരുടെ സംരക്ഷകനെന്ന് ചരിത്രത്തില്‍ കോറിയിടാന്‍ വേണ്ടി അദ്ദേഹത്തിന്റെ എതിര്‍ഗ്രൂപ്പുകാര്‍ എടുപ്പിച്ച തീരുമാനമാവാനും മതി. എന്തായാലും കോണ്‍ഗ്രസ് ഇത്രയും അധപതിക്കാന്‍ പാടില്ലായിരുന്നു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന എം എം ഹസന്റെ പ്രസ്താവന തീര്‍ത്തും അടിസ്ഥാന രഹിതമാണ്. പീഡനത്തിനിരയായ സ്ത്രീയുടെ പരാതിയുടെ മേലാണ് പോലീസ് നടപടികള്‍ ഉണ്ടായിട്ടുള്ളത്. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളിറക്കി കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിന്റെ മഹിമ കളഞ്ഞുകുളിക്കരുത്.

ഈ സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇടപെട്ട് വിന്‍സന്റിനെ രാജിവെപ്പിക്കണം. സ്ത്രീ സുരക്ഷയും നീതിയും ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം.

Top