സ്വാശ്രയ മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : സ്വാശ്രയ മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

നിയമനിര്‍മ്മാണത്തിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് സംബന്ധിച്ച സുപ്രിംകോടതി വിധി നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കിയിരിക്കുകയാണ്. ഒരു വിദ്യാര്‍ത്ഥിക്ക് പോലും പഠനാവസരം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സുപ്രിംകോടതി വിധിപ്രകാരം അന്തിമമായ ഫീസ് നിശ്ചയിക്കാനുള്ള അധികാരം നിയമപ്രകാരം സര്‍ക്കാര്‍ രൂപീകരിച്ച ഫീസ് നിയന്ത്രണ സമിതിക്കാണ്. ഫീസ് നിയന്ത്രണ സമിതിയുടെ നടപടികള്‍ വേഗം പൂര്‍ത്തീകരിച്ച് അന്തിമമായ ഫീസ് തീരുമാനിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടിയേരി വ്യക്തമാക്കി.

Top