Kodiyeri Balakrishnan ‘S STATEMENT ABOUT KM MANI

KODIYERI

തിരുവനന്തപുരം: യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ചെങ്കിലും കേരള കോണ്‍ഗ്രസ് (എം)നെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ സമരങ്ങളില്‍ മാണിയുമായി സഹകരിക്കും. മാണിയെ ഇപ്പോള്‍ ഇടതുമുന്നണിയില്‍ ഉള്‍പെടുത്തേണ്ട സാഹചര്യമില്ല. നിയമസഭയില്‍ സര്‍ക്കാരിനെ മറിച്ചിടാനുള്ള ഭൂരിപക്ഷം കേരള കോണ്‍ഗ്രസിനില്ലെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാണി യു.ഡി.എഫ് വിട്ടത് സ്വാഗതം ചെയ്യുന്നു. വരും ദിവസങ്ങളില്‍ യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളും മുന്നണിവിട്ട് പുറത്തുവരും.

കേരള കോണ്‍ഗ്രസ് ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ യു.ഡി.എഫിന്റെ ജീര്‍ണതയുടെ ഭാഗമാണ്. ആ ജീര്‍ണതയില്‍ നിന്ന് പുറത്തുവരികയാണ് ഇനി മാണി ചെയ്യേണ്ടത്.

മാണിയുമായി പ്രശ്‌നാധിഷ്ഠിത സഹകരണത്തിന് എല്‍.ഡി.എഫ് തയ്യാറാണ്. മാണി യു.ഡി.എഫില്‍ ആയിരുന്നപ്പോളും സഹകരിച്ചിട്ടുണ്ട്. സെപ്തംബര്‍ രണ്ടിലെ പണിമുടക്കില്‍ മാണി സഹകരിച്ചാല്‍ തുടര്‍ന്നും സഹകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

എല്‍.ഡി.എഫ് വിട്ട് യുഡിഎഫില്‍ ചേക്കേറിയ ഘടകകക്ഷികള്‍ക്കെല്ലാം കയ്‌പേറിയ അനുഭവമാണ് ഉണ്ടായത്. മാണിയുടെ വാക്കുകള്‍ അതാണ് തെളിയിക്കുന്നത്.

തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ ബ്രിഗേഡുമാരെ കോണ്‍ഗ്രസ് നിയമിച്ചു എന്നാണ് മാണി ആരോപിച്ചത്. സ്വന്തം ഘടകകക്ഷിയുടെ സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ പണവും ആളേയും നിയോഗിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്നും കോടിയേരി പരിഹസിച്ചു.

മാണിയുടെ അതേ അനുഭവം തന്നെയാണ് ജനതാദള്‍ (യു) നേതാവ് എം.പി.വീരേന്ദ്രകുമാറിനും സംഭവിച്ചത്. പാലക്കാട് ലക്ഷം വോട്ടുകള്‍ക്കാണ് വീരേന്ദ്രകുമാര്‍ തോറ്റത്.

ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിയമിച്ച കമ്മിറ്റിയിലെ അംഗമായ ബാലകൃഷ്ണപിള്ള ഇന്ന് യു.ഡി.എഫിന്റെ ഭാഗമല്ല. ആ കമ്മിറ്റി റിപ്പോര്‍ട്ടിന് എന്ത് സംഭവിച്ചു എന്നും ആര്‍ക്കും അറിയില്ല.

എല്‍.ഡി.ഫ് വിട്ട് യു.ഡി.എഫില്‍ ചേക്കേറിയ പാര്‍ട്ടികളാണ് ജനതാദള്‍(യു)വും ആര്‍.എസ്.പിയും. അവരും ആത്മപരിശോധന നടത്തണം. ഇരു പാര്‍ട്ടികള്‍ക്കും എല്‍.ഡി.എഫിലേക്ക് മടങ്ങി വരാമെന്നും കോടിയേരി പറഞ്ഞു.

Top