കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കസേരയില്‍

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയായി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം എടുത്തത്.

2020 നവംബര്‍ 13-ന് ആയിരുന്നു താല്‍ക്കാലികമായി കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് ചുമതല എ. വിജയരാഘവന് നല്‍കുകയായിരുന്നു.

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി അവധിയെടുത്തത്. മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതും ഇതിനൊരു കാരണമായിരുന്നു.

ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതും മകന്‍ ബിനീഷ് ജയില്‍ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിനു വഴിയൊരുക്കി.

പാര്‍ട്ടിസമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥിരം സെക്രട്ടറി എന്ന നിലയില്‍ ചുമതല ഏറ്റെടുക്കണമെന്ന് നേതാക്കളുടെയിടയില്‍ അഭിപ്രായമുയരുകയും ചെയ്തിരുന്നു.

Top