കെ.വി തോമസ് വഴിയാധാരമാകില്ല; സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് കോടിയേരി

കണ്ണൂർ: പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കെ.വി തോമസ് വഴിയാധാരമാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. കോൺഗ്രസിന് കൂടെയുള്ള ആളുകളെ തന്നെ നഷ്ടമാവുകയാണ്. സഹകരിക്കാൻ തയ്യാറായാൽ തോമസിനെ സ്വീകരിക്കും. കെ.വി തോമസിന് സെമിനാറിൽ അദ്ദേഹത്തിന്റെ അഭിപ്രായം പറയാൻ അവകാശമുണ്ട്. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒന്നും കേരളത്തിലെ കോൺഗ്രസ് ചെയ്യില്ലെന്നും കോടിയേരി പറഞ്ഞു.

എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കുമെന്ന് കെ.വി തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സിപിഎം സമ്മേളനത്തിനല്ല ദേശീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സെമിനാറിലാണ് പങ്കെടുക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തനിക്കെതിരെ ചില കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ് സൈബറാക്രമണം നടക്കുന്നതെന്നും തന്നോട് മാത്രമെന്താണ് ചിലർക്ക് പകയെന്ന് അറിയില്ലെന്നും കെ.വി തോമസ് പറഞ്ഞു.

അതേസമയം കെ.വി തോമസിനെതിരെ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. പാർട്ടി നേതൃത്വത്തിനെതിരെ വാർത്താസമ്മേളനം നടത്തിയതോടെ അച്ചടക്കനടപടി ഉറപ്പായെന്ന് സുധാകരൻ പറഞ്ഞു.

Top