അത്മാഭിമാനമുണ്ടെങ്കില്‍ യുഡിഎഫ് വിടണം; പി.ജെ. ജോസഫിനോട് കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം: പി.ജെ ജോസഫ്-യുഡിഎഫ് വിഷയത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആത്മാഭിമാനമുണ്ടെങ്കില്‍ പി.ജെ ജോസഫ് യുഡിഎഫ് വിടണമെന്നും ജോസഫിനെ കൂക്കിവിളിച്ചവരെ നിയന്ത്രിക്കാന്‍ പോലും യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന്റെ സമുന്നതനായ നേതാക്കളിലൊരാളായ പിജെ ജോസഫിനെയാണ് യുഡിഎഫിന്റെ തന്നെ പരിപാടിയില്‍ കൂകിവിളിച്ചത്. അങ്ങനെ ചെയ്തവരെ നിയന്ത്രിക്കാന്‍ പോലും പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്കോ ഉമ്മന്‍ ചാണ്ടിക്കോ സാധിച്ചില്ല. അത്ര ശക്തമായ വികാരം പിജെ ജോസഫിനെതിരായി യുഡിഎഫ് സമ്മേളനത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇങ്ങനെയൊരു അവസ്ഥ ഒരു യുഡിഎഫ് നേതാവിനും കേരളത്തില്‍ സംഭവിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. ഇനിയും ഈ മുന്നണിയെന്നു പറഞ്ഞ് ഇവരെല്ലാം ഒരുമിച്ച് നടന്നാല്‍ ജനങ്ങള്‍ ഇവരെ പരിഹാസ്യരായിട്ടാണ് കാണുക. അത്മാഭിമാനമുണ്ടെങ്കില്‍ യുഡിഎഫ് വിട്ട് പരസ്യമായ നിലപാട് സ്വീകരിക്കാന്‍ ജോസഫ് തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Top