എല്‍ഡിഎഫിന്റെ അജണ്ട ചെന്നിത്തല തീരുമാനിക്കേണ്ട; മറുപടിയുമായി കോടിയേരി

kodiyeri balakrishnan

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

യുഡിഎഫിനാണ് പാലായില്‍ രാഷ്ട്രീയം ഇല്ലാത്തതെന്നും എല്‍ഡിഎഫ് രാഷ്ട്രീയ പ്രചാരണം തന്നെയാണ് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫിന്റെ അജണ്ട ചെന്നിത്തല തീരുമാനിക്കേണ്ട. പാലാരിവട്ടം പാലം കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ അഴിമതിയുടെ സാക്ഷ്യപത്രമാണ്. അഴിമതിയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം. അഴിമതി നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്, കോടിയേരി വ്യക്തമാക്കി.

നേരത്തെ, ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്കെതിരെ എം.എം. മണിയും രംഗത്തെത്തിയിരുന്നു.

പാലാ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് വേണ്ടി ഇടതുപക്ഷം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. മന്ത്രിമാര്‍ പാലായില്‍ ക്യാമ്പ് ചെയ്ത് അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നാണ് ചെന്നിത്തല കുറ്റപ്പെടുത്തിയത്. ഇടതുപക്ഷം എന്തൊക്കെ ചെയ്താലും ജനവിധി അട്ടിമറിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Top