സ്വർണക്കടത്ത്; പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശം: കോടിയേരി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസന്വേഷണം ബിജെപിയിലേക്ക് എത്തിയതോടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചുവെന്ന് കോടിയേരി ബാലകൃഷ്ണൻ. സ്വർണം ആരാണ് അയച്ചത്,ആരാണ് കൈപ്പറ്റിയത് എന്നുള്ള കാര്യം കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് ഇത് വരെയും സാധിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.

‘സ്വർണക്കടത്ത് വിവാദം ആദ്യം ഉയർന്ന് വന്നത് 2020 ജൂൺ 5 നാണ്. ശരിയായ രീതിയിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. സ്വർണ്ണം അയച്ചയാളും സ്വീകരിച്ചയാളും പ്രതിയാണോ ? ശരിയായ അന്വേഷണത്തിന് സഹായകരമല്ലാത്ത നിലപാട് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു. ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് എത്തുമെന്ന് വന്നതോടെ അന്വേഷണം നിലച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണമടക്കം കേന്ദ്ര ഏജൻസികൾ അന്വേഷിച്ചതാണ്’- കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശമാണെന്ന് കോടിയേരി ആരോപിച്ചു. സർക്കാരിനെ ഭരിക്കാൻ അനുവദിക്കരുതെന്നാണ് ലക്ഷ്യം. അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top