ജോസ് രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കട്ടെ, എന്നിട്ടാവും സമീപനം: കോടിയേരി

തിരുവനന്തപുരം: എല്‍.ഡി.എഫ് ജോസ്.കെ. മാണി വിഭാഗവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ് കെ. മാണി വിഭാഗം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ നോക്കിയായിരിക്കും ആ പാര്‍ട്ടിയോടുള്ള എല്‍.ഡി.എഫിന്റെ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍.ഡി.എഫിനകത്ത് ചേരണമെന്ന താല്പര്യം ജോസ് കെ. മാണി വിഭാഗം പ്രകടിപ്പിച്ചിട്ടില്ല. എന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നത് എന്നുള്ളത് അവര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ മാത്രമേ എന്തുരാഷ്ട്രീയ നിലപാടാണ് ജോസ് കെ. മാണി എടുക്കാന്‍ പോകുന്നത് എന്ന് വ്യക്തമാവുകയുള്ളൂ. അവരെടുക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ നോക്കിയായിരിക്കും ആ പാര്‍ട്ടിയോടുളള എല്‍.ഡി.എഫിന്റെ സമീപനമെന്നും കോടിയേരി പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജനപിന്തുണയുള്ള പാര്‍ട്ടിയാണെന്ന് കഴിഞ്ഞ ദിവസം കോടിയേരി അഭിപ്രായപ്പെട്ടിരുന്നു. ഇടതുമുന്നണി പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നായിരുന്നു ഇതേ കുറിച്ചുള്ള ജോസ് കെ. മാണിയുടെ പ്രതികരണം. എവിടെ നില്‍ക്കണമെന്നത് സംബന്ധിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ജോസ് പറഞ്ഞിരുന്നു. ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയില്‍നിന്നു പുറത്താക്കിയ നടപടി യോഗത്തിനുള്ള വിലക്കായി യു.ഡി.എഫ്. മയപ്പെടുത്തിയെങ്കിലും ഭാവിസംബന്ധിച്ച തീരുമാനം തിരക്കിട്ട് എടുക്കേണ്ടെന്ന നിലപാടിലാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ്.

അവരുടെ നിലപാട് വ്യക്തമായതിന് ശേഷം എന്തുചെയ്യണമെന്ന് പാര്‍ട്ടിയും എല്‍.ഡി.എഫും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ എടുത്ത തീരുമാനവും ഇതുതന്നെയാണ്. എന്നാല്‍ യു.ഡി.എഫ് പ്രതിസന്ധിയിലാണ്. പ്രതിസന്ധിയില്‍ പെട്ട യു.ഡി.എഫിനെ രക്ഷിക്കേണ്ട ഉത്തരവാദിത്വം സി.പി.എമ്മിനില്ല. അത്തരം പ്രതിസന്ധികള്‍ മൂര്‍ച്ഛിക്കാനാണ്‌ ഒരു പാര്‍ട്ടി എന്ന നിലയില്‍ ഇടപെടേണ്ടത് അതിന് സഹായകമാകുന്ന പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞുവരുമ്പോള്‍ അതില്‍ ഇടപെടുക എന്നുള്ളതാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും കോടിയേരി പറഞ്ഞു.

അടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തുന്നതിന് സഹായകമാകുന്ന വ്യക്തികളുമായും പാര്‍ട്ടിയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top