കൊലപാതകത്തിനു പകരം കൊലപാതകം എന്നത് സിപിഎം സമീപനമല്ല; കോടിയേരി

കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടാളെ കൊന്നതിന് പകരം വേറെ രണ്ടാളെ കൊല്ലുക എന്നുളളത് സി.പി.എമ്മിന്റെ സമീപനമല്ലെന്ന് അദ്ദേഹം പറഞ്ഞു. സമാധാനത്തിനു വേണ്ടിയാണ് പാര്‍ട്ടി നിലകൊളളുന്നത്. സമാധാനം തകര്‍ക്കാനുളള കോണ്‍ഗ്രസിന്റെ ശ്രമത്തില്‍ ആരും പെട്ടുപോകരുതെന്നും അദ്ദേഹം അണികളോട് പറഞ്ഞു.

സഖാക്കളെ പ്രകോപിതരാക്കി കേരളത്തില്‍ അരക്ഷിതാവസ്ഥ എന്ന് സ്ഥാപിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. സി.പി.എം. പ്രവര്‍ത്തകര്‍ അതില്‍ വീഴരുത്. ഒരാക്രമത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പെട്ടുപോകരുത്. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയോ സ്ഥാപനങ്ങള്‍ക്ക് നേരെയോ കല്ലെറിയുകയോ അക്രമം നടത്തുകയോ അരുത്. അത് പാര്‍ട്ടി അംഗീകരിക്കില്ല. സമാധാനപൂര്‍വമായി പ്രതിഷേധം നടത്തി, അക്രമം നടത്തിയ കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തണം.

സ്വര്‍ണക്കടത്തു കേസ് ഉപയോഗിച്ച് ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാം എന്നായിരുന്നു ബി.ജെ.പിയും കോണ്‍ഗ്രസും കണക്കുകൂട്ടിയിരുന്നത്. അത് തെറ്റി. തുടര്‍ന്ന് ധാരാളം കഥകള്‍ പ്രചരിപ്പിച്ചു. അതൊന്നും വസ്തുതാപരമായി തെളിയിക്കാന്‍ സാധിച്ചില്ല. നിയമസഭയില്‍ അവിശ്വാസ പ്രമേയത്തിലൂടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. അവരുടെ കൂട്ടത്തിലുളള എം.എല്‍.എമാരുടെ വോട്ട് തന്നെ സംരക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും കോടിയേരി വ്യക്തമാക്കി.

Top