ശബരിമല നിലപാടില്‍ മാറ്റമില്ല; കോടിയേരി ബാലകൃഷ്ണന്‍

Kodiyeri Balakrishanan

കോഴിക്കോട്: ശബരിമല നിലപാടില്‍ മാറ്റമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയും മുന്നണിയും വിശ്വാസികള്‍ക്ക് എതിരല്ലെന്നും വിശ്വാസികള്‍ക്കുണ്ടായ തെറ്റിദ്ധാരണ താത്കാലികം മാത്രമാണെന്നും കോടിയേരി പറഞ്ഞു.

“ശബരിമല വിഷയത്തില്‍ വിശ്വാസികളെ കബളിപ്പിക്കുകയാണ് ബി.ജെ.പിയും കോണ്‍ഗ്രസും ചെയ്തത്. സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം പറ്റില്ലെന്നാണ് ബി.ജെ.പി ഇപ്പോള്‍ പറയുന്നത്. പാര്‍ലമെന്റിനു പോലും നിയമനിര്‍മാണം നടത്താനാവാത്ത കാര്യത്തില്‍ നിയമസഭ നിയമമുണ്ടാക്കും എന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കലാണ്. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു വിഷയമല്ല. ആരെങ്കിലും അതു വിഷയമാക്കിയാല്‍ എല്‍.ഡി.എഫ് ഒളിച്ചോടില്ല. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടിലല്ല”- കോടിയേരി പറഞ്ഞു.

അതേസമയം കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം കാര്യമാക്കുന്നില്ലെന്നും ഒരു വിഭാഗത്തെയും മുന്നണിയിലേക്കു സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Top