ഇനിയും നാണം കെട്ട് ആ പാര്‍ട്ടിയില്‍ തുടരണോ; പിജെ ജോസഫിനോട് കോടിയേരി

തിരുവനന്തപുരം: പി.ജെ ജോസഫിനെ തഴഞ്ഞ് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നാണം കെട്ട് ഇനിയും കെ എം മാണിയുടെ കൂടെ തുടരണമോ എന്ന് പി ജെ ജോസഫ് ആലോചിക്കണമെന്ന് കോടിയേരി പറഞ്ഞു.

പി ജെ ജോസഫിനെപ്പോലൊരു സമുന്നതനായ നേതാവിന്, കേരളാ കോണ്‍ഗ്രസ് വര്‍ക്കിംങ് പ്രസിഡന്റിന് ആഗ്രഹിച്ചിട്ടൊരു സീറ്റ് കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന് ആ പാര്‍ട്ടിയില്‍ യാതൊരു വിലയുമില്ലെന്നതാണ് അത് കാണിക്കുന്നതെന്നും കോടിയേരി പറഞ്ഞു. നാണം കെട്ട് ആ പാര്‍ട്ടിയില്‍ തുടരാനാണ് താല്‍പര്യമെങ്കില്‍ തുടരട്ടെയെന്നും അദ്ദേഹം മുന്നണി വിട്ട് വന്നാല്‍ കൂടെ ചേര്‍ക്കുന്ന കാര്യം ആലോചിക്കാമെന്നും ആദ്യം ജോസഫ് താല്പര്യം വ്യക്തമാക്കട്ടെയെന്നും കോടിയേരി പറഞ്ഞു. മഴക്കു മുന്‍പേ കുടപിടിക്കേണ്ടന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് പിജെ ജോസഫിനെ വെട്ടി തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി കെഎം മാണി. പ്രഖ്യാപിച്ചത്.

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലം കമ്മിറ്റികളില്‍ ആറും പി.ജെ ജോസഫിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ജില്ലാ നേതൃത്വം അടക്കം കോട്ടയം ജില്ലയിലുള്ളവര്‍ തന്നെ സ്ഥാനാര്‍ഥിയായി വേണമെന്ന് ആവശ്യപ്പെട്ടതോടെ പി.ജെ ജോസഫിന്റെ സാധ്യത മങ്ങുകയായിരുന്നു.

നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് കെ.എം. മാണി തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന യു.ഡി.എഫ് നേതാക്കളുടെ നിര്‍ദ്ദേശവും മറികടന്നാണ് കെ.എം.മാണിയുടെ തീരുമാനം.

സംഭവത്തില്‍ ആഞ്ഞടിച്ച പി.ജെ ജോസഫ്. അസാധാരണമായ തീരുമാനമാണ് ഉണ്ടായതെന്നും പാര്‍ട്ടി തിരുത്താന്‍ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞിരുന്നു.

Top