മോട്ടോര്‍ വാഹന ചട്ടലംഘനം; ഉയര്‍ന്ന പിഴ വന്‍ അഴിമതിയ്ക്ക് കളമൊരുങ്ങുന്നുവെന്ന് കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതിയ്‌ക്കെതിരെ സിപിഎം രംഗത്ത്. പിഴ കൂട്ടുകയല്ല വേണ്ടതെന്നും നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടതെന്നുമാണ് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത്.

മോട്ടോര്‍ വാഹന ചട്ടലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കുകയെന്നത് അശാസ്ത്രീയമാണെന്നും ഉയര്‍ന്ന പിഴ ഈടാക്കുന്നത് വിപരീത ഫലം മാത്രമായിരിക്കും ഉണ്ടാക്കുകയുള്ളൂവെന്നുമാണ് സിപിഎമ്മിന്റെ നിലപാട്.

എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഗതാഗതവകുപ്പ് പരിശോധിക്കണം. ചില സംസ്ഥാനങ്ങള്‍ ഈ നിയമം നടപ്പാക്കിയിട്ടില്ല. അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്ര, രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ ഈ നിയമം നടപ്പാക്കാത്തത്. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. സമാനമായ രീതിയില്‍ നിയമവശം പരിശോധിച്ച് എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കണം. വന്‍ അഴിമതിയ്ക്ക് കളമൊരുങ്ങുന്നതാണ് പുതിയ നിയമഭേദഗതി, കോടിയേരി വ്യക്തമാക്കി.

പിഴത്തുക കൂടുമ്പോള്‍ പതിനായിരം രൂപയ്ക്ക് പകരം പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥന് അയ്യായിരം രൂപ കൊടുത്ത് ആളുകള്‍ ഊരിപ്പോരാന്‍ നോക്കും. അപ്പോള്‍ ആ പണം ആര്‍ക്ക് പോയി, സര്‍ക്കാരിനും കിട്ടുന്നില്ല. അഴിമതിയ്ക്ക് കളമൊരുങ്ങുകയും ചെയ്യുന്നു, കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top