kodiyeri balakrishnan-media bann

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷം നിലനിര്‍ത്താന്‍ ഏതോ കേന്ദ്രം ശ്രമിക്കുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ കെണിയില്‍ രണ്ടു കൂട്ടരും പെട്ടുപോകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു കൂട്ടം അഭിഭാഷകര്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. അത് ക്രിമിനല്‍കുറ്റമായി കണക്കാക്കി ജുഡീഷ്യറി ഇടപെടണം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ചില പരിമിതികളുണ്ട്.

ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കാനാവില്ലെന്ന നിലപാട് ആശങ്കാപരമാണ്. കോടതികളില്‍ അഭിഭാഷകര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം.

നിര്‍ഭയമായി ജോലിചെയ്യാനുള്ള മാദ്ധ്യമ പ്രവര്‍ത്തകരുടെ അവകാശത്തെ ചില അഭിഭാഷകര്‍ വെല്ലുവിളിക്കുകയാണ്. ജുഡീഷ്യറി ഇക്കാര്യത്തില്‍ മാന്യത കാട്ടണം.

കൊച്ചിയില്‍ സുപ്രീംകോടിതിയിലെ ന്യായാധിപന്മാര്‍ പങ്കെടുത്ത ചടങ്ങ് ബഹിഷ്‌കരിച്ച മാധ്യമ പ്രവര്‍ത്തകരുടെ നിലപാടും ശരിയായില്ല. പ്രശ്‌നത്തില്‍ മാതൃകാപരമായ നിലപാടാണ് സുപ്രീംകോടതിയിലെ ന്യായധിപന്മാര്‍ സ്വീകരിച്ചത്.

തെറ്റുചെയ്തവരെ ഒറ്റപ്പെടുത്തുകയായിരുന്നു വേണ്ടത്. ജുഡീഷ്യറിയുടെ അംഗീകാരത്തെ കളങ്കപ്പെടുത്തുന്ന അഭിഭാഷക സമൂഹം തെറ്റുതിരുത്താന്‍ ശ്രമിക്കണമെന്നും കോടിയേരി പറഞ്ഞു.

കേരളപ്പിറവിയുടെ വജ്രജൂബിലിയുമായി ബന്ധപ്പെട്ട് കെ.യു.ഡബ്‌ളിയു.ജെ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

Top