സിപിഎമ്മിനെതിരെ ഒന്നും മിണ്ടില്ലെന്ന് രാഹുല്‍ പറഞ്ഞത് ഭയത്താലെന്ന് കോടിയേരി

Kodiyeri Balakrishanan

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സിപിഎമ്മിനെതിരെ ഒന്നും മിണ്ടില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് ഭയത്താലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

രാഹുലിന്റെ വരവ് കേരളത്തില്‍ തരംഗമുണ്ടാക്കുമെന്നാണ് ചിലര്‍ പറയുന്നത്. രാഹുല്‍ മത്സരിക്കുന്ന അമേഠി ഉള്‍പ്പെടുന്ന ഉത്തര്‍ പ്രദേശില്‍ 80 സീറ്റുകളാണ് ഉള്ളത്. അവിടെ തരംഗമുണ്ടാക്കാന്‍ കഴിയാത്ത രാഹുല്‍ കേരളത്തില്‍ എന്ത് തരംഗമുണ്ടാക്കുമെന്നാണ് പറയുന്നത്, കോടിയേരി ചോദിച്ചു.

ഒരൊറ്റ ഇന്ത്യയെന്ന സന്ദേശം നല്‍കുക എന്നതാണ് രാഹുലിന്റെ ലക്ഷ്യമെങ്കില്‍ ഒരൊറ്റ മണ്ഡലത്തില്‍ മാത്രം മത്സരിച്ചാല്‍ മതിയായിരുന്നു. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും മത്സരിച്ച് എങ്ങനെയാണ് ഒരൊറ്റ ഇന്ത്യയെന്ന സന്ദേശം നല്‍കാന്‍ രാഹുലിന് സാധിക്കു, കോടിയേരി ചോദിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കാനുള്ള കാരണം ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കുവാനാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

കേന്ദ്രസര്‍ക്കാരും ആര്‍.എസ്.എസും ദക്ഷിണേന്ത്യയുടെ സംസ്‌കാരത്തെയും ഭാഷയേയും അവഗണിക്കുകയാണ്. അതിനെതിരെ ഇന്ത്യ എന്നാല്‍ ഒന്നാണെന്ന സന്ദേശം പകരുകയാണ് തന്റെ ലക്ഷ്യം. സി.പി.എമ്മിലെ സഹോദരി സഹോദരന്‍മാര്‍ തനിക്കെതിരെ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമെന്ന കാര്യം അറിയാം. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സി.പി.എമ്മിനെതിരെ ഒരു വാക്ക് പോലും താന്‍ സംസാരിക്കില്ല. തന്റെ മുഖ്യ ശത്രു ബി.ജെ.പി മാത്രമാണ്. ഒരു സന്ദേശം നല്‍കുക മാത്രമാണ് ഇവിടെ മത്സരിക്കുന്നതിന്റെ ലക്ഷ്യം, രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Top