സിപിഎം സംസ്ഥാന സെക്രട്ടറി കസേരയിലേക്ക് വീണ്ടും കോടിയേരി, നാളെ ചുമതലയേല്‍ക്കും !

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പദവി താല്‍ക്കാലികമായി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ ആ സ്ഥാനത്തേക്കു മടങ്ങിയെത്തുന്നു. കോടിയേരി നാളെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ തീരുമാനമെടുക്കും.

2020 നവംബര്‍ 13നാണ് കോടിയേരി ബാലകൃഷ്ണന്‍ പദവി ഒഴിഞ്ഞത്. ആരോഗ്യ കാരണങ്ങളും മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റും സൃഷ്ടിച്ച പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഈ ഒഴിഞ്ഞുമാറല്‍.

പകരം ചുമതല നല്‍കിയത് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനായിരുന്നു. ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതും മകന്‍ ബിനീഷ് ജയില്‍ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിനു വഴിയൊരുക്കി.

മാറി നില്‍ക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിച്ച കോടിയേരി അവധി അപേക്ഷ നല്‍കുകയായിരുന്നു. അദ്ദേഹത്തിന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചു. അര്‍ബുദത്തിനു തുടര്‍ചികില്‍സ ആവശ്യമായതിനാല്‍ അനുവദിക്കുകയായിരുന്നെന്നും പാര്‍ട്ടി വിശദീകരണം നല്‍കിയിരുന്നു.

Top