ശബരിമല; സര്‍ക്കാര്‍ നിലപാടില്‍ തെറ്റില്ല, ചില വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം: ശബരിമലയിലെ സര്‍ക്കാര്‍ നിലപാടില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിശ്വാസികളില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാരിന് ശബരിമല വിഷയം ദോഷം ചെയ്തെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു. ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ശരിയായില്ല. ഇതര മതസ്ഥരെയും ഇത് സ്വാധീനിച്ചു. ശബരിമല വിഷയം വിശ്വാസം കാത്തുകൊണ്ടല്ലാതെ പരിഹരിക്കാനാകില്ല. സര്‍ക്കാര്‍ എത്ര ശക്തി ഉപയോഗിച്ചാലും ആ വികാരം മറികടക്കാന്‍ സാധിക്കില്ല. എന്നാല്‍, ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എടുത്ത നിലപാട് ശരിയായിരുന്നു. വിശ്വാസ സംരക്ഷണ നിലപാടായിരുന്നു എന്‍എസ്എസിന്റേത്. ന്യൂനപക്ഷങ്ങള്‍ക്ക് സിപിഎമ്മിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടത് തിരിച്ചടിക്ക് കാരണമായി, ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിരുന്നു.

ഇടതുപക്ഷ തോല്‍വിയില്‍ സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി നടേശനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ശബരിമലവിധി ധൃതി പിടിച്ചു നടപ്പാക്കേണ്ടിയിരുന്നില്ലെന്നും വിഷയം കൈകാര്യം ചെയ്ത രീതി ആളുകളില്‍ ആശങ്കയുണ്ടാക്കിയെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.

വനിതാമതില്‍ കെട്ടിയതിന്റെ അടുത്ത ദിവസം തന്നെ പൊളിച്ചെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. ആരിഫിനെ ജയിപ്പിച്ചത് ചേര്‍ത്തലയിലെ ഈഴവരാണെന്നും ഈഴവരുടെ ചോരയും നീരുമാണ് ഇടതുപക്ഷത്തെ വളര്‍ത്തിയതെന്നും എന്നിട്ടും ഈഴവരെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

Top