കോടിയേരി ദേവലോകം സന്ദര്‍ശിച്ചത് ക്ഷണം ലഭിച്ചിട്ടാണോയെന്ന് പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ ദേവലോകം അരമന സന്ദര്‍ശിച്ചത് ക്ഷണം ലഭിച്ചിട്ടാണോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.

ബിജെപി സംസ്ഥാന പ്രസിഡന്റായ ശേഷം എല്ലാ സാമുദായിക നേതാക്കളെയും അവരുടെ അകത്തളങ്ങളില്‍ പോയി സൗഹൃദം പങ്കിടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭയുടെ ക്ഷണം ലഭിച്ചിട്ടാണ് ഞാന്‍ ദേവലോകത്ത് പോയത്. സെമിനാരിയില്‍ വച്ച് എനിക്ക് സ്വീകരണം നല്‍കി. പിന്നീട് പൊന്നാടയണിയിച്ച് ആദരിച്ചു. ഇതൊരു സൗഹാര്‍ദ്ദമാണ്. കോടിയേരി ബാലകൃഷ്ണന്‍ പോയത് ക്ഷണിച്ചിട്ടാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സാമുദായിക സംഘടനകള്‍ക്ക് സ്വാധീനമുണ്ട്. നേതാക്കള്‍ രാഷ്ട്രീയ അഭിപ്രായം പറയുമ്പോള്‍ സംഘടനകളിലെ അംഗങ്ങളില്‍ പലരും അതേക്കുറിച്ച് ചിന്തിക്കാറുണ്ട്. അതിന് കാരണം നേതാക്കളും അംഗങ്ങളും തമ്മിലുള്ള സൗഹൃദമാണ്. സമുദായ അംഗങ്ങളും അതിന്റെ നേതൃത്വവും തമ്മില്‍ വളരെ നല്ല സൗഹൃദം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ട് ഈ ഉപതെരഞ്ഞെടുപ്പിലും സാമുദായിക നേതാക്കളുടെ നിലപാട് അംഗങ്ങള്‍ പാടേ അവഗണിക്കുമെന്ന് ഞാന്‍ കരുതുന്നില്ലന്നും അദ്ദേഹം അറിയിച്ചു.

ജാതിമത രാഷ്ട്രീയം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. സമുദായങ്ങളുടെ സ്വാധീനം കൂടി വരുന്നെന്ന അഭിപ്രായമില്ല. കേരള രാഷ്ട്രീയം സാമുദായിക രാഷ്ട്രീയത്തിന്റെ ഉപോല്‍പ്പന്നമാണ്. അതിന്റെ കുറ്റത്തില്‍ നിന്ന് അന്നത്തെ ജനസംഘത്തിനും ഇന്നത്തെ ബിജെപിക്കും മാറിനില്‍ക്കാനാവും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഇപ്പോഴാണ് ജാതി രാഷ്ട്രീയം വന്നത്. എന്നാല്‍ കേരളത്തില്‍ 1957 തൊട്ട് തന്നെ ജാതി രാഷ്ട്രീയം ഉണ്ട്. അതിന് കാരണക്കാര്‍ ഇവിടുത്തെ കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റ് പാര്‍ട്ടികളുമാണെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

Top