സന്ദീപ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് നിഗമനം തള്ളി കോടിയേരി ബാലകൃഷ്ണന്‍

പത്തനംതിട്ട: തിരുവല്ല പെരിങ്ങരിയിലെ സിപിഎം ലോക്കല്‍ സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് നിഗമനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണം കഴിയാതെ രാഷ്ട്രീയ കൊലപാതകമല്ലെന്ന ബിജെപി വാദം പൊലീസ് ഏറ്റെടുക്കരുതെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. അതേസമയം, അറസ്റ്റിലായരില്‍ മൂന്ന് പേര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി തിരിച്ചടിച്ചു.

പൊലീസ് നടപടി സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. സന്ദീപിന്റേത് ആസൂത്രിക കൊലപാതകമാണ്. പിന്നില്‍ ആര്‍എസ്എസ്ബിജെപി സംഘമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഗൂഢാലോചന സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കൊലക്ക് പകരം കൊലയല്ല സിപിഎം നയമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം കൊലപാതകത്തിന് പിന്നാലെ ഉന്നയിച്ച ആരോപണം പൂര്‍ണമായും സംസ്ഥാന നേതൃത്വവും ഏറ്റെടുത്തു.

2016 ന് ശേഷം 20 സിപിഎം പ്രവര്‍ത്തകര്‍ മരിച്ചു. 15 പേരെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകം അല്ലെന്ന ബിജെപി വാദം അന്വേഷണം കഴിയാതെ പറയരുത് പൊലീസ് ആവര്‍ത്തിക്കരുതെന്ന് കോടിയേരി പറഞ്ഞു. ഇത്തരം വാദങ്ങള്‍ പൊലീസ് സാധാരണ രീതിയില്‍ നടത്താന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരിയ കൊലപാതകം പ്രാദേശിക പ്രശ്‌നമായിരുന്നു. പ്രതിയാക്കി എന്ന് പറഞ്ഞ് കുറ്റവാളിയാകില്ല. നിരപരാധികള്‍ക്കൊപ്പം സിപിഎം ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Top